Monday, January 17, 2011

അമ്മ

ഇത് ഞങ്ങളുടെ അമ്മയുടെ കഥയാണ്. മലകളും പുഴകളും പിന്നെ അലതല്ലുന്ന കടലും തോരാത്ത മഴയും നോക്കെത്താദൂരത്തെക്ക് നിരന്നു നില്‍ക്കുന്ന കേരനിരകളും ഉള്ള കേരളം; തന്‍റെ മാറിലലക്ഷ്യമായി വന്നുവീഴുന്ന ഒരു മാമ്പഴത്തെ പോലും മുലയൂട്ടി വളര്‍ത്തി മാവാക്കി മാറ്റുന്ന മലനാട്, അതാണ് ഞങ്ങളുടെ അമ്മയുടെ തറവാട്. അങ്ങ് വടക്ക് വിന്ധ്യപര്‍വ്വതത്തിനും അപ്പുറത്ത് ഏതോ ഒരു ഹൈമവതിയായ നദിയുടെ തീരത്താണ് ഞങ്ങളുടെ പിതൃക്കള്‍ പിറന്നത്‌. ആ സംസ്കാരഭൂമിയില്‍ നിന്നും ക്ഷാത്രവംശത്തെ അടിമുടി നശിപ്പിക്കാന്‍ വ്രതംനോറ്റു മഴുവേന്തി വന്ന ഋഷിവര്യന്‍റെ ആത്മാവിലായിരുന്നു 'ആര്യപുത്രന്‍' എന്ന ഞങ്ങളുടെ മാതൃപിതാവ് ജീവിച്ചിരുന്നത്.

ഋഷിമാര്‍ അഗ്നിയില്‍ ഹോമിക്കുന്ന ഹവിസ്സ് ദേവന്മാര്‍ക്ക് പങ്കിട്ടുകൊടുക്കാന്‍ ബ്രഹ്മദേവന്‍ ആര്യവംശത്തില്‍ ജനിപ്പിച്ച പുരോഹിതനായിരുന്നു അദ്ദേഹം. ബ്രഹ്മപുത്രനായതുകൊണ്ടാകണം, ആര്യന്മാര്‍ തങ്ങളുടെ ദൈവങ്ങളുമായുള്ള സംഭാഷണത്തിനു ആര്യപുത്രനെയാണ് ചുമതലപ്പെടുത്തിയത്. കൂടാതെ ആര്യസംസ്കാരത്തിന്‍റെ ആത്മാവായ വേദങ്ങളുടെ സംരക്ഷണവും അദ്ദേഹത്തെയവര്‍ ഏല്‍പിച്ചു. അങ്ങനെ അനേകായിരം സംവത്സരങ്ങള്‍ ഋഷിമാരുടെയും ബ്രാഹ്മണരുടെയും ജഡങ്ങളില്‍ ജീവനുണര്‍ത്തുന്ന ആത്മാവായി ഞങ്ങളുടെ പിതാമഹന്‍ ജീവിച്ചുപോന്നു.

കാലചക്രം ദ്വാപരയുഗത്തിലെ ഏതോ രാമശിലയില്‍തടഞ്ഞു നിന്ന ഒരു സമയബിന്ധുവില്‍, തന്‍റെ പിതൃഹത്യക്ക് പ്രതികാരം ചെയ്യാന്‍ താപദണ്‍ഡും കമണ്‌ഡലുവും ഉപേക്ഷിച്ചു കയ്യില്‍ മഴുവേന്തിയ മഹര്‍ഷിയുടെ തേജസ്സായി, പര്‍വ്വതങ്ങളും മഹാനദികളും കടന്നു ഞങ്ങളുടെ പിതാമഹന്‍ ഭാരതഖണ്ഡത്തിന്‍റെ ദക്ഷിണതീരത്തെ കൊടുംക്കാട്ടിലെത്തി. എണ്ണമറ്റ ക്ഷാത്രശീര്‍ഷങ്ങള്‍ കൊയ്തിട്ടും കലിയടങ്ങാഞ്ഞിട്ടോ അതോ ചോര കണ്ടു മനംമടുത്ത തന്‍റെ മഴുവിന്‍റെ കര്‍മ്മധര്‍മ്മത്തിന് ഭംഗം വരാതിരിക്കാനോ, എന്താണെന്നറിയില്ല ഭാര്‍ഗ്ഗവരാമന്‍ ആ കൊടുംകാടു വെട്ടിത്തെളിച്ച് അവിടെ ഞങ്ങളുടെ തറവാട് പണിതീര്‍ത്തു. മാവും പ്ലാവും തേക്കും വീട്ടിയും കാഞ്ഞിരവും കരിമ്പനയും എല്ലാം ഇടതൂര്‍ന്നു വളര്‍ന്ന ഞങ്ങളുടെ മാതൃഭൂമിയുടെ മാറില്‍ അങ്ങനെ ആദ്യമായി അദ്ദേഹം സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകി.

തന്‍റെ പാപഭാരമിറക്കാനും പിന്നെ ഇഷ്ടദേവനായ കൈലാസനാഥനെ ആരാധിക്കാനുമായി രാമന്‍ മലനാട്ടില്‍ നൂറ്റിയെട്ട് ശിവാലയങ്ങള്‍ സ്ഥാപിച്ചു. ഇടയ്ക്കു ധ്യാനനിദ്രയില്‍നിന്നുമുണരുന്ന കാമാന്തകന്‍റെ കാമം ശമിപിക്കാനും പിന്നെ തന്‍റെ കൃഷിയിടങ്ങളില്‍ കിളിര്‍ക്കുന്ന സംസ്‌കാര കതിരുകള്‍ക്ക് മാതൃവാത്സല്യം നല്‍കാനുമായി അദ്ദേഹം നൂറ്റിയെട്ട് ശക്തിക്ഷേത്രങ്ങളും പണിതു.  ക്ഷേത്രങ്ങളിലെ പൂജാദികര്‍മ്മങ്ങള്‍ക്കും ഊരായ്മക്കും വേണ്ടി വടക്കുനിന്ന് ഒരു കൂട്ടം ബ്രാഹ്മണരെ രാമന്‍ ദക്ഷിണദേശത്തേക്ക് കൊണ്ടുവന്നു. അവരുടെ സംരക്ഷണത്തിനും പിന്നെ തന്‍റെ കൃഷിയിടങ്ങള്‍ പരിപാലിക്കുന്നതിനുമായി കുറച്ചു നാഗവംശത്തില്‍പ്പെട്ട ക്ഷത്രിയന്മാരെയും കൂടെ കൂട്ടി. വിരുന്നുവന്ന പരദേശി ബ്രാഹ്മണരുടെ മനസ്സുകളില്‍ ക്ഷേത്രപൂജാദികര്‍മ്മങ്ങള്‍ നിര്‍വഹിച്ചു ആര്യപുത്രന്‍ മലനാട്ടില്‍ താമസമാക്കി.

കാലം കടന്നു പോയി. രാമന്‍റെ കൃഷിയും സംസ്കാരവും മലനാട്ടിലെ ഫലഭൂയിഷ്ടമായ മണ്ണില്‍ വേരുറപ്പിച്ചു.  തറവാട് കൊട്ടാരവും കാരണവര്‍ രാജാവുമായി. രാജവംശം ജനിച്ചു. ക്ഷേത്രങ്ങള്‍ ആദ്ധ്യാത്മിക കേന്ദ്രങ്ങളായി. പട്ടണങ്ങളും തുറമുഖങ്ങളും ഉണ്ടായി. വഞ്ചിക്കുളം തലസ്ഥാനമായി. പരദേശി ബ്രാഹ്മണര്‍ നമ്പൂതിരിമാരും നാഗന്മാര്‍ നായന്മാരുമായി, കേരളം പിറന്നു.

ദക്ഷിണദിക്കില്‍ കാവേരിയുടെ തീരത്തെ ദേശങ്ങള്‍ വാണ ദ്രാവിഡവംശത്തിലാണ് ഞങ്ങളുടെ മാതൃമാതാവ് ദ്രാവിഡപുത്രി ജനിച്ചത്. പണ്ട് ഹിമാലയസാനുക്കളില്‍ തപസനുഷ്ടിച്ചിരുന്ന ഒരു മഹാമുനിയുടെ മക്കളായിരുന്നു ആര്യന്മാരുടെയും ദ്രാവിഡന്മാരുടെയും പൂര്‍വ്വികരായ ദേവദാനവന്മാര്‍. രണ്ടമ്മമാര്‍ പെറ്റ മക്കളായ അവര്‍ എന്നും കലഹിച്ചു വളര്‍ന്നു. ഒടുക്കം വെളുത്തപക്ഷക്കാരായ അനുജന്മാര്‍ തങ്ങളുടെ ജേഷ്ടന്മാരായ കൃഷ്ണപക്ഷക്കാരെ ദക്ഷിണദേശത്തെ കാടുകളിലേക്ക് ആട്ടിപായിച്ചു. അങ്ങനെ ദക്ഷിണദേശത്ത് എത്തിയ ദാനവരുടെ പിന്‍ഗാമികളാണത്രെ ദ്രാവിഡര്‍. കാലക്ക്രമത്തില്‍ അവര്‍ ദ്രാവിഡവംശം സ്ഥാപിച്ചു പട്ടണങ്ങളും കൊട്ടാരങ്ങളും പണിതുയര്‍ത്തി പുകള്‍പെറ്റ രാജ്യങ്ങള്‍ നിര്‍മ്മിച്ചു.

സ്വത്ത് തര്‍ക്കത്തില്‍ ദേവന്മാരുടെ പക്ഷത്ത് നിന്ന ബ്രഹ്മദേവനോടുള്ള വൈര്യം കൊണ്ടാകണം ദൈവങ്ങളുമായുള്ള സംഭാഷണത്തിനുള്ള ചുമതല ദ്രാവിഡര്‍ ശക്തിസ്വരൂപിണിയായ ഞങ്ങളുടെ മാതൃമാതാവിനെയാണ് ഏല്‍പിച്ചത്. കാലക്ക്രമേണ ദ്രാവിഡവംശത്തിന്‍റെ മനസ്സാക്ഷിസൂക്ഷിപ്പുക്കാരിയായി ദ്രാവിഡപുത്രി മാറി. അനേകായിരം വര്‍ഷങ്ങളങ്ങനെ ദ്രാവിഡമനസ്സുകളില്‍ പണ്ഡിതരുടെയും മുനിമാരുടേയും ലാളനകളേറ്റു ദ്രാവിഡപുത്രി ജീവിച്ചു പോന്നു.

ദ്രാവിഡദേശത്തിന്‍റെ പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ തലയുയര്‍ത്തി നിന്ന പശ്ചിമഘട്ടങ്ങള്‍ക്കപ്പുറത്ത് സഹ്യന്‍റെയും സമുദ്രത്തിന്‍റെയും ഇടയിലായിരുന്നു ഭാര്‍ഗ്ഗവരാമന്‍ ഞങ്ങളുടെ തറവാട് പണിതത്. സഹസ്രാബ്ദങ്ങള്‍ക്കു മുന്‍പ് അറ്റുപോയ രക്തബന്ധത്തിന്‍റെ കണ്ണികള്‍ കാലചക്രത്തിന്‍റെ കറക്കത്തില്‍ വീണ്ടും വിളക്കിച്ചേര്‍ക്കപ്പെടുകയായിരുന്നു അവിടെ. പശ്ചിമഘട്ടത്തിന്‍റെ തെക്കും വടക്കുമുള്ള ചുരങ്ങളിലൂടെ ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സംക്രമം സംഭവിച്ചു. അനേകായിരം വര്‍ഷങ്ങള്‍ തികഞ്ഞ ബ്രഹ്മചാരിയായി ഋഷിമനസ്സുകളില്‍ ജീവിച്ചു പോന്ന ആര്യപുത്രനും, ദ്രാവിഡഹൃദയങ്ങളില്‍ ചേതനയുണര്‍ത്തി കന്യകയായി ജീവിച്ചു വന്ന ദ്രാവിഡപുത്രിയും പരസ്പരം അനുരുക്തരായി. അവരുടെ അനുരാഗത്തിന് വേദി ഒരുക്കനായിരുന്നിരിക്കണം ഭാര്‍ഗ്ഗവരാമന്‍ കാട് വെട്ടിത്തെളിച്ച് ഞങ്ങളുടെ തറവാട് പണിതത്. അന്യോന്യം അനുരുക്തരായ ആര്യപുത്രനും ദ്രാവിഡപുത്രിയും ക്ഷേത്രാങ്കണങ്ങളിലും നമ്പൂതിരി ഇല്ലങ്ങളിലും വച്ച് ഹൃദയങ്ങള്‍ പങ്കുവച്ചു.

വഞ്ചി കയറിപ്പോയ  വഞ്ചിക്കുളത്തെ രാജാവായ വലിയകോയിത്തന്പുരാന്‍റെ വിവരമൊന്നും കിട്ടാത്തത് കൊണ്ട് അദ്ദേഹത്തിന്‍റെ മരുമക്കള്‍ രാജ്യം ഭാഗിച്ചു. ചന്ദ്രോദയത്തില്‍ കടല്‍ കടന്നു തീര്‍ത്ഥയാത്ര പോയ രാജാവ് തന്‍റെ യാത്രക്ക് മുന്‍പ് രാജ്യം ഭാഗിച്ചു നല്‍കിയതാണെന്നും ഒരഭിപ്രായമുണ്ട്. എന്തായാലും കേരളം മൂന്നായി ഭാഗിക്കപ്പെട്ടു. തെക്ക് പദ്മനാഭപുരവും വടക്കു സമുദ്രതീരത്ത് സാമൂതിരിയും ഭരണം തുടങ്ങി. മദ്ധ്യദേശത്ത്‌നാടുവിട്ടുപോയ തമ്പുരാന്‍റെ പിന്മുറക്കാരും ഭരിച്ചു. ഭാഗം കഴിഞ്ഞിടക്കാണ് തറവാട്ടില്‍ പുതിയ ഒരുണ്ണി പിറന്നത്‌. നൂറ്റാണ്ടുകളുടെ പ്രണയത്തിന്‍റെ പരിസമാപ്തിയില്‍ ആര്യപുത്രനും ദ്രാവിഡപുത്രിക്കും ഒരു ഓമനപെണ്‍കുഞ്ഞു ജനിച്ചു.  അമ്മയുടെ കാവ്യഭംഗിയും അച്ഛന്‍റെ തേജസ്സും കൊണ്ട് അനുഗ്രഹീതയായിരുന്നു മാലിനിയെന്ന ആ പെണ്‍കുഞ്ഞു.

നിരണത്തെ പണിക്കരുടെ തറവാട്ടില്‍ വച്ചായിരുന്നു ദ്രാവിഡപുത്രിയുടെ പ്രസവം. ആര്യപുത്രന്‍റെ വംശത്തില്‍പ്പെട്ട ഏതോ ഒരു നമ്പൂതിരിയുടെ ഇല്ലത്ത് വച്ചായിരുന്നു അവരുടെ പ്രണയസാഫല്യം. എന്നാല്‍ കീഴ്ജാതിക്കാരിയായ ഒരുത്തിയെ വീട്ടില്‍ പാര്‍പ്പിച്ചു അയിത്തവും ഭ്രഷ്ടും ഒന്നും വരുത്തണ്ട എന്ന് കരുതിയാകണം, ഗര്‍ഭിണിയായ ദ്രാവിഡപുത്രിയെ സംരക്ഷിക്കാന്‍ നമ്പൂതിരിമാരാരും ഉണ്ടായില്ല. അശരണയായ ആ ഗര്‍ഭിണിക്ക്‌ അഭയം നല്‍കാന്‍ നിരണത്തുക്കാര്‍ മാത്രമേ മനസ്സ് കാണിച്ചുള്ളൂ. അവിടെ വച്ചു തന്നെ മാലിനി ജനിച്ചത്‌ ഈശ്വരനിശ്ചയമാകും. തേനും വയമ്പും നുണര്‍ന്നും താരാട്ട് കേട്ടുറങ്ങിയും അവള്‍ വളര്‍ന്നു.  ആ തറവാട്ടില്‍ പിച്ച വച്ചു നടന്ന മാലിനിയുടെ മണിത്തളയുടെ കിലുക്കം കേരളമൊട്ടാകെ മാറ്റൊലി കൊണ്ടു.

മാലിനിയുടെ ജനനത്തിനു ശേഷം അധികം താമസിക്കാതെ ദ്രാവിഡപുത്രിയും ആര്യപുത്രനും വേര്‍പിരിഞ്ഞു. മാലിനിയുടെ മണിത്തളയുടെ കിലുക്കത്തില്‍ മലനാട്ടുകാര്‍ അവരെ പറ്റിയോര്‍ത്തില്ല എന്നതാണ് സത്യം. ഏതാനം നമ്പൂതിരി ഇല്ലങ്ങളിലും ക്ഷേത്രങ്ങളിലും ദേവന്മാര്‍ക്ക് ഹവിസ്സും നിവേദ്യവും പങ്കിട്ടു കൊടുക്കാന്‍ വരുമ്പോഴല്ലാതെ ആര്യപുത്രനെ ആരും കണ്ടില്ല. ദ്രാവിഡപുത്രിയാകട്ടെ കാവേരിതീരത്തെ തന്‍റെ ദ്രാവിഡദേശത്തേക്ക് മടങ്ങി പോയി.

വര്‍ഷങ്ങള്‍ വീണ്ടും കടന്നു പോയി. മാലിനിയെ വട്ടെഴുത്തും ഗ്രന്ഥ എഴുത്തും പഠിപ്പിക്കാന്‍ പേരുകേട്ട പണ്ഡിതനായ തുഞ്ചത്ത് രാമാനുജനെഴുത്തച്ഛന്‍ തന്‍റെ നിളാതീരത്തെ തുഞ്ചന്‍പറന്പിലേക്ക് കൊണ്ടുപോയി. എഴുത്തച്ഛന്‍റെ കൈപിടിച്ച് ഹരിശ്രീ കുറിച്ച മാലിനി അദ്ദേഹം ചൊല്ലിക്കൊടുത്ത കഥകള്‍ ഏറ്റു ചൊല്ലി. വളര്‍ത്തച്ഛനായ തുഞ്ചന്‍റെ എഴുത്തുപുരയില്‍ അക്ഷരമഭ്യസിച്ചും മണല്‍ത്തിട്ടയിലിരുന്നു കഥകളും ശ്ലോകങ്ങളും ചൊല്ലിപ്പഠിച്ചും മാലിനി വളര്‍ന്നു. അച്ഛന്‍റെ കൈപിടിച്ചവള്‍ രാജസദസ്സുകളില്‍ ചെന്നു. ആ പെണ്‍കിടാവിന്‍റെ കിളിക്കൊഞ്ചല്‍ കേട്ടു രാജാക്കന്മാര്‍ നിര്‍വൃതിയണഞ്ഞു. അവളുടെ കിളിപ്പാട്ടിലൂടെ മലനാട്ടുകാര്‍ രാമായണവും മഹാഭാരതവും കേട്ടുരസിച്ചു. ശ്രീരാമന്‍റെയും ശ്രീകൃഷ്ണന്‍റെയും കഥകള്‍കേട്ടു അവരുടെ ഹൃദയങ്ങള്‍ ഭക്തിസാന്ദ്രമായി. തുഞ്ചന്‍റെ മകളായ മാലിനി മലനാടിന്‍റെ മനം കവര്‍ന്നു.

കസവുമുണ്ടു ചുറ്റി കറുത്തിടതൂര്‍ന്ന കൂന്തളത്തില്‍ തുളസ്സിക്കതിര്‍ചൂടി, തിരുവാതിരകുളിച്ചു ശിവക്ഷേത്രത്തില്‍ പൂജക്ക്‌ പോകുന്ന മാലിനിയെ കണ്ടാല്‍ സരസ്വതീദേവി  ഭൂമിയിലവതരിച്ചതാണെന്നേ ആരും പറയൂ. അവളുടെ സൌന്ദര്യവും വാക്ചാതുരിയും ദൂരെ ദൂരെ യവനദേശങ്ങളില്‍  പോലും പ്രശസ്തമായി. കേരങ്ങള്‍ വിളഞ്ഞ നാട്ടിലെ ആ മതിമോഹിനിയെ അവര്‍ കൈരളിയെന്നു വിളിച്ചു. മലനാടിന്‍റെ മനം കവര്‍ന്ന മതിമോഹിനിയായ മലയാളി പെണ്‍കൊടി, കൈരളി, അവളാണ് ഞങ്ങള്‍ മലയാളികളുടെ പോറ്റമ്മ.

ആര്യപുത്രനായ സംസ്കൃതത്തിനു ദ്രാവിഡപുത്രിയായ തമിഴില്‍ പിറന്ന, ഓരോ മലയാളിയുടെയും നാവില്‍ സരസ്വതീകടാക്ഷമായിവന്ന്, അവരുടെ ചേതനക്കും വികാരങ്ങള്‍ക്കും ശബ്ദരൂപംകൊടുത്തു ജീവന്‍ നല്‍കുന്ന പോറ്റമ്മേ, മലയാളഭാഷേ, അവിടുത്തെ ത്രിക്കാല്‍ക്കല്‍ വാക്കുകള്‍ കൊണ്ടൊരു ലക്ഷാര്‍ച്ചന.

1 comment:

  1. good adaptation.....impressed with your fist work......

    ReplyDelete