Saturday, February 26, 2011

തിരിച്ചറിയാതെപോയ ഒരു പ്രണയം

തൊട്ടിലില്‍ കിടന്നു വിശന്നുവലഞ്ഞു മുലപ്പാലിനുവേണ്ടി കരയുമ്പോളാണ് ആദ്യമായി ഞാന്‍ അവളുടെ ശബ്ദം കേട്ടത്. അന്ന് "അമ്മേ" എന്ന് ഉറക്കെ വിളിച്ചു അമ്മയെ ചാരത്തുവരുത്തി അവളെന്‍റെ വിശപ്പടക്കി. അന്നുമുതല്‍ എന്നും അവളെന്‍റെ കൂടെയുണ്ടായിരുന്നു, പക്ഷെ ഒരു നിഴലിനെ പോലെ ഒരിക്കലും എന്‍റെ മുമ്പില്‍ വരാതെ ഒഴിഞ്ഞുമാറിയവള്‍ നടന്നു.

ഗ്രേയ്സ് സെന്‍ട്രല്‍ സ്കൂളിലെ കൊച്ചു ക്ലാസ്സ്മുറിയുടെ ചുവരുകള്‍ക്കുള്ളില്‍ വച്ചാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത്, അന്ന് ഏതോ ഒരു ബെഞ്ചില്‍ ഇരുന്നു ഞാന്‍ എന്‍റെ കുഞ്ഞു വിരലുകള്‍ കൊണ്ടവളെ ആദ്യമായി ഒന്ന് തൊട്ടു, വെളുത്തു സുന്ദരമായ മിനുസമുള്ള ആ മുഖത്തില്‍.

കയ്യെത്താത്ത ഓടാമ്പലുകളും ഇരുമ്പിന്‍റെ പൂക്കള്‍ കൊണ്ട് പണിത ജനാലകളും മുറ്റത്തെ കളിപ്പറമ്പുകളില്‍നിന്നും എന്നെ ഒഴിച്ച് നിര്‍ത്തിയപ്പോള്‍, അവള്‍ എന്‍റെ കുഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീരോപ്പി, എനിക്ക് ബാലരമയിലെ കഥകള്‍ വായിച്ചു തന്നു. മായാവിയും കുട്ടൂസനും പിന്നെ കുറെ രാജകുമാരന്മാരും രാജകുമാരിമാരും ഒക്കെ ഉള്ള ആ കഥകളുടെ മായികലോകത്തില്‍ അവളുടെ കൈപ്പിടിച്ച്‌ ഞാന്‍ ഓടിനടന്നു.

അവളില്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ലായിരുന്നു. ഹൃദയത്തില്‍ കൊണ്ടുനടന്നു ഞാനവളെ, ഞാന്‍ പോലും അറിയാതെ. ഉഷ ടീച്ചറുടെയും പിന്നെ രമോണിടീച്ചറുടെയും ഒക്കെ ക്ലാസ്സുകളില്‍ മറ്റു കൂട്ടുകാരാരും കാണാതെ അവളുടെ മൃദുലമായ ആ കൈകളില്‍ ഞാന്‍ ഇറുക്കി പിടിച്ചു. പ്രണയമെന്താണെന്നറിയാത്ത കുഞ്ഞു മനസ്സില്‍ അന്ന് ആദ്യമായി പ്രണയം മൊട്ടിട്ടു.

കൌമാരത്തില്‍ കേട്ടറിഞ്ഞ, ചഞ്ചലമായ മറ്റൊരു പ്രേമം, എന്‍റെ മനസ്സിലും മൊട്ടിട്ടപോള്‍ ഒരു ഹംസമായി അവളെന്‍റെ ദൂത് കൊണ്ടുപോയി. പ്രേമത്തിന്‍റെ പരവശതയിലന്നു പനിനീര്‍ പൂവിന്‍റെ മുള്ളുകള്‍ കൊണ്ട് എന്‍റെ കൈ മുറിഞ്ഞപ്പോള്‍, മാറോടണച്ചു അവള്‍ എന്നെ സമാധാനിപ്പിച്ചു. മുള്ളുകള്‍ കൊണ്ടാല്‍ മുറിയാത്തതാണ് യഥാര്‍ത്ഥ പ്രണയം എന്ന് എനിക്ക് പറഞ്ഞു തന്നു.

മുറ്റത്ത്‌വിരിഞ്ഞ ഏറ്റവും സുന്ദരമായ പനിനീര്‍ പൂനല്‍കി പ്രണയിക്കാന്‍ എനിക്കവള്‍ ആ പൂവിന്‍റെ നൈര്‍മല്യതയുള്ള ഒരു കുഞ്ഞു മാലാഖയെ കാണിച്ചു തന്നു. ആ മാലാഖയോടുള്ള എന്‍റെ ഇഷ്ടം തളിര്‍ത്തപ്പോള്‍ പരിഭവം പറയാതെ ഒരു നിഴലായി അവള്‍ എന്‍റെ കൂടെ നിന്നു. പക്ഷെ മാലാഖയ്ക്ക് നല്‍കിയ പനിനീര്‍പൂവിന്‍റെ ഏതോ ഒരു ഇതളില്‍ വിരിഞ്ഞ ഒരു കവിതയില്‍ ഞാന്‍ എന്‍റെ യഥാര്‍ത്ഥ പ്രണയം തിരിച്ചറിഞ്ഞു.

സൌഹൃദം പ്രണയമായത്തിന്‍റെ കുറ്റബോധം കൊണ്ട് പിന്നീട് പഠിപ്പിന്‍റെയും ജോലിയുടെയും ഒക്കെ പേരില്‍ എന്‍റെ നിഴലായവളില്‍ നിന്നു ഞാന്‍ അകന്നു പോയപ്പോള്‍, എന്നെങ്കിലും തിരിച്ചു വരുമെന്നോര്‍ത്തു അവള്‍ എനിക്ക് വേണ്ടി കാത്തിരുന്നു. അവളോടുള്ള എന്‍റെ അഗാധ പ്രണയം തിരിച്ചറിഞ്ഞ ഭീരുവായ ഞാന്‍ പക്ഷെ ഒരിക്കിലും അവളുടെ അടുത്ത് തിരിച്ചു ചെല്ലാന്‍ ധൈര്യപെട്ടില്ല.

ഭയമായിരുന്നു എനിക്ക്, അവളോടെനിക്കുള്ള ആ യഥാര്‍ത്ഥ പ്രണയം പങ്കുവച്ചാല്‍, അവള്‍ക്കതിഷ്ടമായില്ലെങ്കിലോ എന്ന ഭയം. ഏറ്റവും അടുത്ത ആ സുഹൃത്തിനെ എന്‍റെ മനസ്സിന്‍റെ ചാപല്യത്തിനു വേണ്ടി നഷ്ടപെടുത്താന്‍ എനിക്ക് കഴിയുമായിരുന്നുന്നില്ല. നഷ്ടപ്പെടലിന്‍റെ ആ ഭയത്തിനു മുന്‍പില്‍ പകച്ചു നിശബ്ദനായി അന്ന് ഞാന്‍ നടന്നകന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ഒരുനാള്‍ മനസ്സുകൊണ്ട് സേവിച്ച മധുവിന്‍റെ ലഹരിയില്‍ മയങ്ങിയിരുന്ന എന്നെ ഉണര്‍ത്തിയവളീ നാല്‍പ്പത്തിയൊമ്പതാം നമ്പര്‍ മുറിയിലേക്ക് കടന്നു വന്നപ്പോള്‍ ഞാന്‍ അകെ പരവശനായി പോയി. മനോരഞ്ജിനിയായ അവളുടെ മുന്നില്‍ എന്‍റെ പ്രണയം മറച്ചു വക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഇവിടെ വച്ചവളുടെ ചുണ്ടില്‍നിന്നും നുണര്‍ന്ന ആ ആദ്യ ചുംബനത്തിന്‍റെ മധുരമായ ലഹരിയില്‍ ഞാന്‍ ഉന്മത്തനായിരിക്കുന്നു. നഷ്ടപെടുത്താനാകില്ല എനിക്ക് ഇനിയൊരിക്കലുമീ പ്രണയം. പകച്ചു നിന്നു ഞാന്‍ നഷ്ടമാക്കിയ തിരിച്ചറിയാതെ പോയ എന്‍റെയീ പ്രണയം.

ഇതുവരെ എഴുതാന്‍മടിച്ചെങ്കിലും എന്നും ഞാന്‍ പ്രണയിച്ച എന്‍റെ വാക്കുകള്‍ക്ക് വേണ്ടി.