Wednesday, July 27, 2011

നിസ്സംഗത

അനന്തമായ ആകാശത്തില്‍ നിയന്ത്രണമില്ലാതെ പറന്നു നടക്കുന്ന ഒരു പട്ടം പോലെയാണ് ഇപ്പോള്‍ എന്റെ മനസ്സ്. കാലത്തിന്റെ കാറ്റിന്റെ ഗതിക്കനുസരിച്ച് ലക്ഷ്യമില്ലാതെ അതലഞ്ഞു കൊണ്ടിരിക്കുന്നു. എത്ര ശ്രമിച്ചിട്ടും അതിനെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുന്നില്ല. കാറ്റു നിലച്ചു അന്തരീക്ഷം ശാന്തമാകുന്ന ഒരു നിമിഷം അത് ദൂരെ എനിക്കറിയാത്ത ദിക്കിലെവിടെയോ ഒരു മരച്ചില്ലയില്‍ ചെന്ന് കുരുങ്ങി കിടക്കും, ഉറപ്പ്.

അച്ചടക്കത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വക്താക്കളായ രണ്ടു മനസ്സാക്ഷികള്‍ എന്റെയുള്ളില്‍ പരസ്പരം പോരടിക്കുന്നു. അവരില്‍ ആരാണ് ശരി ആരാണ് തെറ്റ് എന്നറിയാതെ പട്ടം പറത്താന്‍ അറിയാത്ത കൊച്ചു പയ്യനെ പോലെ എന്റെ പ്രജ്ഞ പകച്ചു നില്‍ക്കുന്നു. നിസ്സംഗത, ഹേ അര്‍ജുനാ, യുദ്ധഭൂമിയില്‍ നീയനുഭവിച്ച അതെ നിസ്സംഗത. എന്തിനു? എന്തിനുവേണ്ടി ഞാന്‍ ഈ യുദ്ധം ചെയ്യണം? ജയവും തോല്‍വിയും എന്റെ ആത്മാവിനെ തൊട്ടു തീണ്ടുന്നില്ലല്ലോ പിന്നെന്തിനു വേണ്ടി ഞാന്‍ പോരാടണം? നിന്നെ ഗീതോപദേശം തന്നു ഉണര്‍ത്തിയ കൃഷ്ണന്റെ യോഗതത്വങ്ങള്‍ എനിക്ക് സ്വീകാര്യമല്ല. മതം എന്ന മൂഡത്തം എന്നെ, കേവലം ആത്മാഭിമാനം നഷ്ടപ്പെട്ടു ദു:ഖിക്കാനും സന്തോഷിക്കാനും കഴിയാത്ത പ്രതികരണ ശേഷി നഷ്ടപ്പെട്ട, ഒരു ജീവച്ഛവമാക്കി മാറ്റിയിരിക്കുന്നു.

ജോണ്‍ ഗാള്‍ട്ട് , നീയെവിടെ? ഗാന്ധിയെന്ന പടുകിഴവനും കൃഷ്ണനെന്ന മിഥ്യയും എന്റെയുള്ളില്‍ നട്ടുവളര്‍ത്തിയ മൂഡമായ തത്വശാസ്ത്രത്തിന്റെ വിത്തുകള്‍ നീ വേരോടെ പിഴുതെടുക്കൂ. പരാജയത്തില്‍ ദു:ഖിച്ചു നെടുവീര്‍പ്പിടാനും വിജയത്തില്‍ മതിമറന്നു ആഹ്ലാദിക്കാനും കഴിയുന്ന എന്റെ മനസ്സിനെ നീ എനിക്ക് തിരിച്ചു തരൂ. നിര്‍വ്വാണമെന്ന മരീചിക തേടി മൂഡസ്വര്‍ഗത്തില്‍ ദൈവമായലയുന്ന എന്നെ നീ വീണ്ടും ഒരു മനുഷ്യനാക്കി മാറ്റൂ. ജീവന്‍ എന്ന അമൃത് ഞാനൊന്നു രുചിക്കട്ടെ, എന്റെ സര്‍ഗ്ഗശക്തികൊണ്ട് ഈ ലോകത്തെ ഒരു അണുവിടയെങ്കിലും ഞാന്‍ മുന്നോട്ടു നയിക്കട്ടെ!!