Tuesday, March 15, 2011

വിരഹിണിയുടെ വിലാപം

ഞാന്‍ ദു:ഖിതയാണ്. ഒറ്റപ്പെടലിന്‍റെ രാത്രികാലങ്ങളില്‍ ഞാന്‍ എന്‍റെ ഗതകാലസ്മൃതികളോര്‍ത്ത് വിലപിക്കുന്നു. യൌവ്വനവും പ്രണയവും ഇന്നെനിക്ക് നിറമുള്ള ഓര്‍മ്മകള്‍ മാത്രമാണ് ‍. നേരം പുലരണം വല്ല്യേട്ടന്‍ തിരിച്ചെത്താന്‍. പിഴച്ചു പോയ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠകൊണ്ടാകണം, ഏട്ടന്‍ ഇപ്പോള്‍ പണ്ടത്തെക്കാള്‍ ചൂടനായിരിക്കുന്നു.

ഒന്നോര്‍ത്താല്‍ വിരസമായ ചൂടന്‍ പകലുകളെക്കാള്‍ ഓര്‍മ്മയുടെ സുഗന്ധമുള്ള ഈ തണുത്ത രാത്രികളെയല്ലേ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? പ്രാണനാഥന്‍റെ ആലിംഗനങ്ങളില്‍ ഞാന്‍ ആസ്വദിച്ച പ്രണയത്തിന്‍റെ സുഗന്ധം, ഈ ഓര്‍മ്മകള്‍ എനിക്ക് തിരിച്ചു നല്‍കുന്നു.

യൌവ്വനത്തിന്റെ ഓജസ്സും പ്രസരിപ്പും നിറഞ്ഞ ചെറുപ്പകാലത്താണ്‌ ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. കറുത്തിരുണ്ട മുഖം, ഘനഗംഭീരമായ ശബ്ദം, എന്‍റെ ഉള്ളിലെ ചൂടണയ്ക്കുന്ന ആ വിരിമാറിലെ തണുപ്പ്. ആ മാറില്‍ തലചായ്ച്ചു കിടന്ന നിമിഷങ്ങള്‍ എന്നെ പ്രണയാര്‍ദ്രയാക്കി. അയാള്‍ നല്‍കിയ പ്രണയത്തിന്റെ നിറവില്‍ എന്‍റെ ഉള്ളില്‍ ജീവന്റെ പുതുനാമ്പുകള്‍ മൊട്ടിട്ടു.

വല്ല്യേട്ടനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. ഏട്ടന്‍ നീര് വറ്റിച്ചു അദ്ധ്വാനിച്ചതിന്റെ ഫലമായിരുന്നു എന്‍റെ പ്രാണപ്രിയന്റെ ഉയര്‍ച്ച. പകരം അയാളെന്നെയും എന്‍റെ മക്കളെയും പൊന്നുപോലെ നോക്കി. ഞങ്ങളുടെ ജീവിതത്തിലെ ജീവജലമായിരുന്നു അയാള്‍. കപ്പലില്‍ ലോകം ചുറ്റി പല പല നാടുകള്‍ കണ്ടു വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു. വന്നാല്‍ നാലഞ്ച് മാസം എന്റെയും കുട്ടികളുടെയും കൂടെ. അതായിരുന്നു പതിവ്.

പിന്നീടെപ്പോഴോ പതിവുകളൊക്കെ തെറ്റി തുടങ്ങി. വരവുകള്‍ക്കിടയിലുള്ള നീളം കൂടി. വന്നാല്‍ തന്നെ ഒന്നോ രണ്ടോ ആഴ്ച തങ്ങിയാലായി. എന്നോടുള്ള നീരസത്തിന്റെ കാരണം ഞാന്‍ ഒരിക്കലും തിരക്കിയില്ല. ജരാനരകള്‍ ബാധിച്ചു യൌവ്വനം നശിച്ചു തുടങ്ങിയ എന്നെ അയാള്‍ക്ക് മടുത്തു കാണണം. ആര്‍ത്തവം നിലച്ചു ഞാന്‍ പടുവൃദ്ധയായി മാറിയ ഒരുനാള്‍ അയാള്‍ എന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞു പുതിയ വിളനിലങ്ങള്‍ തേടിപ്പോയി.

പിന്നീടുള്ള എന്‍റെ ജീവിതം വളരെ ദു:സ്സഹമായിരുന്നു. അബലയും വൃദ്ധയുമായ ഒരു സ്ത്രീക്ക് എന്ത് ചെയ്യാനാകും, പോരടിച്ചു മരിക്കുന്ന മക്കളെ നോക്കി വിലപിക്കാനല്ലാതെ? പരസ്പരം കൊന്നും തിന്നും നാഥനില്ലാത്ത എന്‍റെ കുടുംബം ചത്തൊടുങ്ങി. മരിച്ചു വീഴുന്ന എന്‍റെ മക്കളുടെയും ചെറുമക്കളുടെയും ശവശരീരങ്ങള്‍ ഞാന്‍ ദു:ഖത്തോടെ കടിച്ചിറക്കി. മരണം, അവിഭാജ്യമായ ആ സത്യത്തിലേക്ക് കണ്ണുംനട്ടു ഞാന്‍ യുഗങ്ങള്‍ കാത്തിരുന്നു.

വിധി ക്രൂരനായിരിക്കണം. മരണമെന്ന സൗകര്യം അദ്ദേഹമെനിക്ക് നിഷേധിച്ചിരിക്കുന്നു. വേദനയുടെയും സഹനത്തിന്റെയും യുഗങ്ങള്‍ കഴിഞ്ഞിതാ ഞാന്‍ വീണ്ടും ഋതുമതിയായിരിക്കുന്നു. പണ്ട് ചവച്ചിറക്കിയ ശവങ്ങളുടെ അവശിഷ്ടങ്ങള്‍ പിഴിഞ്ഞ്, കറുത്തു കൊഴുത്ത എന്‍റെ ചോരയൂറ്റുന്നു മനുഷ്യന്റെ ശാസ്ത്രം.

ഞാന്‍ ദു:ഖിതയാണ്. ഒറ്റപ്പെടലിന്റെ രാത്രികാലങ്ങള്‍ എന്നെ കണ്ണുനീരണിയിക്കുന്നു. മനുഷ്യന്റെ ശാസ്ത്രമേ നിനക്കെന്റെ നഷ്ടപ്രണയം തിരികെത്തരാന്‍ കഴിയുമോ? പറയൂ, ഞാന്‍ സ്നേഹിച്ച എന്‍റെ മഴമേഘങ്ങളെ എന്നിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ നിനക്ക് ശക്തിയുണ്ടോ?

ആര്‍ത്തവം നിലച്ചു മണ്ണ് മണലാകുന്നു, ആ മണലില്‍ നിന്നും എണ്ണയൂറ്റുന്ന മനുഷ്യനു മരുഭൂമിയുടെ യൌവ്വനം തിരികെ നല്‍കുവാനാകുമോ? ചൂടനായ വെയിലിന്റെ അനുജത്തിക്ക് മഴയുടെ പ്രണയം തിരിച്ചുനല്‍കാന്‍ അവനു ശക്തിയുണ്ടോ?

Sunday, March 13, 2011

ബലൂണ്‍ സര്‍ക്കസ്

കഴിഞ്ഞാഴ്ച ഉത്രാളിക്കാവ് പൂരത്തിന് പോയപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. പറമ്പിന്‍റെ മൂലയില്‍ ബലൂണ്‍ സര്‍ക്കസ് നടക്കുന്നു. സംഭവമെന്താണെന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യമെന്ന് കരുതി തിരക്കിനിടയിലൂടെ ഉന്തിതള്ളി ഞാന്‍ ബലൂണിന്റെ അടുത്തെത്തി. അവിടെ കണ്ട കാഴ്ച കണ്ടിട്ട് എന്‍റെ കണ്ണ് തള്ളിപോയി. ഉള്ളത് പറയാമല്ലോ ഇത്രയും വലിയ ബലൂണ്‍ ഞാന്‍ ഡിസ്ക്കവറി ചാനലില്‍ പോലും കണ്ടിട്ടില്ല.

മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഹൈഡ്രജന്‍ ബലൂണ്‍. അതിന്‍റെ താഴെ വലിയ കുട്ടയില്‍ നിറയെ മനുഷ്യര്‍ നിന്ന് ഹൈഡ്രജന്‍ നിറയ്ക്കുന്നു. അതും പോരാതെ ബലൂണില്‍ നിന്നു തൂങ്ങി കിടക്കുന്ന കുറെ കയറുകളില്‍ അള്ളിപ്പിടിച്ചു ഹൈഡ്രജന്‍ പമ്പ് ചെയ്യുന്ന വേറെ കുറെപ്പേര്‍. നേരെ താഴത്ത്, പിടിവിട്ടു ചാടുന്ന മനുഷ്യരെ രക്ഷിക്കാന്‍ പോലീസുകാരും ഫയര്‍ ഫോര്‍സും ഒരു വലിയ വലകെട്ടി കാവല്‍ നില്‍ക്കുന്നു. അടുത്ത് തന്നെ കുറെ ആംബുലന്‍സുകള്‍ നില്‍ക്കുന്നുണ്ട് വലയില്‍ നിന്നും മാറി നിലത്തു വീഴുന്നവരെ എടുത്തു ആശുപത്രിയിലേക്ക് ഓടാന്‍.

ബലൂണിനു ചേര്‍ന്ന് ഒരു വലിയ ഏണി പണിതിട്ടുണ്ട്, അതുവഴിയാണ് ആളുകളെ ബലൂണിലെ കുട്ടയിലെക്കും കയറിലെക്കും ഒക്കെ കയറ്റി വിടുന്നത്. ആ ഏണിക്ക് ചുവട്ടില്‍ സ്വര്‍ണ്ണമാലയും ഖടകവും ഒക്കെ അണിഞ്ഞു സില്‍ക്ക് ജുബ്ബയും ഇട്ടു കുറച്ചു പേര്‍ ഹൈഡ്രജന്‍ പമ്പുകള്‍ വില്‍ക്കുന്നു. പമ്പ് മേടിച്ചാലെ ഏണിയിലേക്ക് കടത്തി വിടു. അവിടെയും കുറച്ചു പോലീസുകാരുണ്ട് തിരക്ക് നിയന്ത്രിക്കാനും പമ്പ് പരിശോദിക്കാനും ഒക്കെ.

ഓരോ നിമിഷവും വീര്‍ത്തു വലുതായിക്കൊണ്ടിരിക്കുന്ന ആ ബലൂണിന്റെ മുകളില്‍ ടൈ കെട്ടി കുറെ വിദ്വാന്മാര്‍ പച്ചക്കൊടി കാണിക്കുന്നു. അവരുടെ കക്ഷത്തില്‍ ചുവപ്പ് കൊടികള്‍ ഇരിക്കുന്നുണ്ട്. ഇടയ്ക്കവര്‍ പച്ച മാറ്റി ചുവപ്പുകൊടി കാണിക്കുമ്പോള്‍ താഴെ ഉള്ള പോലീസുകാര്‍ ബലൂണ്‍ വലിച്ചു താഴ്ത്തും. ചുങ്ങി താഴുന്ന ബലൂണില്‍ നിന്നും കണ്ണുമടച്ചു കുറെ പേര്‍ താഴേക്ക്‌ ഒറ്റ ചാട്ടമാണ്. വലയില്‍ വീഴുന്നവര്‍ കുറെ പേര്‍ നെഞ്ഞത്തടിച്ചു വാവിട്ടു കരയുന്നു. താഴെ വീണവരെ പറക്കിയെടുത്തു ആംബുലന്‍സുകള്‍ ചീറി പായുന്നു.

കൊടി മാറി പച്ചയാകുമ്പോള്‍ ഏണി കേറാന്‍ വീണ്ടും ഒരു തള്ളാണ്, വാവിട്ടു കരഞ്ഞവരും കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടവരും ഒക്കെ വീണ്ടും പമ്പും മേടിച്ചു വരിക്കു നില്‍ക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല അല്ലേ? ആദ്യം ഈ നട്ടപ്രാന്തു കണ്ടിട്ട് എനിക്കും ഒന്നും മനസ്സിലായില്ല. അടുത്തുള്ള കടലവണ്ടിയില്‍ നിന്നും രണ്ടുറുപ്പികക്ക് കപ്പലണ്ടിയും വാങ്ങി ഞാന്‍ വായും പൊളിച്ചു സര്‍ക്കസ് കണ്ടു നിന്നു. ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ നമുക്ക് കാണാന്‍ നല്ല ശേലാണല്ലോ. പതുക്കെ തക്കം നോക്കി ഒരു സില്‍ക്ക് ജുബ്ബക്കാരനോട് ചെന്ന് കാര്യമെന്താണെന്നു തിരക്കി. അപ്പോഴാണ് സംഭവം പിടികിട്ടിയത്.

ഓഹരി വിപണി എന്നാണത്രേ ഈ സര്‍ക്കസ്സിന്റെ പേര്. ജുബ്ബയിട്ട പുള്ളി ബ്രോക്കെറാണ്, കൊടി പിടിക്കുന്നവര്‍ സാമ്പത്തിക്കശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ഉള്ള വിദഗ്ദന്മാര്‍. പോലീസുക്കാരും മറ്റുമൊക്കെ യഥാര്‍ത്ഥത്തില്‍ സെബി എന്ന് പേരുള്ള ഏതോ ഒരു ഗവര്‍മെണ്ട്‌ സ്ഥാപനത്തിലെ ജീവനക്കാരാണ് പോലും. കലികാലം എന്നല്ലാണ്ടെ എന്താപ്പോ ഇതിനൊക്കെ പറയുക. അല്ല ഒരു കണക്കിന് കാശിനുവേണ്ടി കൊല്ലും കൊലയും ഒക്കെ നടക്കുന്ന ഈ കാലത്ത് മനുഷ്യന്‍ ഇതും ഇതിലപ്പുറവും കാട്ടീല്ലാച്ചാലെ അത്ഭുതപ്പെടെണ്ടു.

ദീപാരാധന തൊഴാന്‍ നടയ്ക്കലേക്ക് നടക്കുമ്പോഴാണ് വെടിക്കെട്ട്‌ തുടങ്ങിയത്. അതും നോക്കി നില്‍ക്കുമ്പോള്‍ അതാ ഒരു കുഴിമിന്നി ചെരിഞ്ഞു ബലൂണിന്റെ അടുത്തെക്ക് പോണൂ. ശൂ ...... ട്ടോ!! വലിയ ഒരു പൊട്ടിത്തെറി, ആകെ ബഹളം റിസഷന്‍, റിസഷന്‍ ഇടഞ്ഞേന്നു പറഞ്ഞു കുറെ പേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. എന്തായാലും ആശുപത്രിക്കാര്‍ക്കും ആംബുലന്‍സുകാര്‍ക്കും നല്ല കോളായി.

Friday, March 4, 2011

കളഞ്ഞുപോയ വജ്രമോതിരം

വെളുത്തു മെലിഞ്ഞു ഉയരമുള്ള നാണംകുണുങ്ങിയായ ചെറുപ്പക്കാരന്‍, ഇന്നലെ സന്ധ്യമയങ്ങുമ്പോള്‍ വരെ അതായിരുന്നു എന്‍റെ കൂട്ടുകാര്‍ എനിക്ക് നല്‍കിയിരുന്ന വിശേഷണം. ഭൂകമ്പങ്ങളും കലാപങ്ങളും കണ്ടു പതറാതെ, തിളങ്ങുന്ന വെള്ളാരങ്കല്ലുകളെ വിലമതിക്കാനാകാത്ത വൈര്യക്കലുകളാക്കി മാറ്റുന്ന കലാകാരന്മാരുടെ നാട്ടില്‍ നിന്നും മാനേജ്മെന്‍റ് വിദ്യാഭ്യാസത്തിനായി എത്തി ചേര്‍ന്നതാണ് ഞാനീ തിരക്കുപിടിച്ച തലസ്ഥാന നഗരിയില്‍.

നീണ്ട ഇരുപത്തിമൂന്ന് വര്‍ഷങ്ങളുടെ സപര്യയുടെ ഫലമായി ഞാന്‍ ചെത്തിമിനുക്കിയെടുത്തതായിരുന്നു എന്‍റെ ആ വൈരക്കല്ല്. കോരിത്തരിപ്പിക്കുന്ന കൌമാരവും ചോരതിളക്കുന്ന യൌവ്വനവും കവര്‍ന്നെടുക്കാതെ തനി തങ്കത്തില്‍ തീര്‍ത്ത മോതിരത്തില്‍ പതിച്ചു, നിഷ്കളങ്കതയില്‍ പൊതിഞ്ഞു എന്‍റെ ഹൃദയത്തിന്‍റെ അലമാറിയില്‍ ഞാന്‍ ഭദ്രമായി അത് സൂക്ഷിച്ചു വച്ചു. എന്നെങ്കിലുമൊരിക്കല്‍ എന്‍റെ ഹൃദയത്തിന്‍റെ കവാടം തുറക്കുന്ന മൃദുലമായ കൈകളിലെ പൂവിരലില്‍ അണിയിക്കാന്‍.

വിപണിയെന്ന യാഗാശ്വത്തിന്‍റെ കടിഞ്ഞാണ്‍ ആദ്യമായി കൈകളില്‍ വച്ചു തന്ന ചേട്ടന്മാരും ചേച്ചിമാരും യാത്ര ചോദിക്കുന്ന വേര്‍പാടിന്‍റെ ഫെയര്‍വെല്‍ മുഹൂര്‍ത്തം. അത് എന്നെന്നും ഓര്‍ത്തു ആസ്വദിക്കാനുള്ള ഒരു സുവര്‍ണ്ണ നിമിഷമാക്കി മാറ്റി അടിച്ചു പൊളിക്കാന്‍ കൂടിയതായിരുന്നു ഞങ്ങളവിടെ. ചടുലമായ ഇന്ത്യന്‍ പാര്‍ട്ടി സംഗീതത്തിന്‍റെ തിരമാലകള്‍ തീര്‍ത്തു മനുഷ്യ ശരീരത്തിലെ ഓരോ മണല്‍ത്തരിയെയും ആനന്ദനൃത്തത്തിലേക്ക് തള്ളിയിടുന്ന DJ മ്യൂസിക്. സ്കേര്‍ട്ടുകളും പാര്‍ട്ടിവെയറുകളും മറയ്ക്കാത്ത സൌന്ദര്യത്തിന്‍റെ ആകാരവടിവുകള്‍ വര്‍ണ്ണശബളമാക്കുന്ന പാര്‍ട്ടി ലൈറ്റുകള്‍. ലഹരിപിടിപ്പിക്കുന്ന ആ അന്തരീക്ഷത്തിനു കൊഴുപ്പുകൂട്ടി ‍, ഉറഞ്ഞു തുള്ളുന്ന യുവത്വത്തിനു വീര്യമേകാന്‍ ഒഴുകുന്ന വോട്ക്കയും ബിയറും മറ്റു പഴച്ചാറുകളും. പിന്നെ തൊട്ടുനക്കാന്‍ എണ്ണയില്‍ പൊരിച്ചെടുത്ത എരിവുള്ള കോഴിയിറച്ചിയും.

ഓസിനു കിട്ടിയ മദ്യത്തിന്‍റെ കൈകളില്‍ മനസ്സിന്‍റെ നിയന്ത്രണം ഏല്‍പ്പിച്ചു ലഹരിയുടെ ലോകത്ത് പറന്നു നടക്കുന്നതിനിടയിലാണ് ഞാനാ വെള്ളരിപ്രാവിനെ കണ്ടുമുട്ടിയത്‌. കടലുകള്‍ കടന്നു കഴിഞ്ഞ തണുപ്പുകാലത്ത് ഞങ്ങളുടെ കാമ്പസില്‍ ദേശാടനത്തിനെത്തിയ ഫ്രെഞ്ച് പറവകളുടെ കൂട്ടത്തില്‍ ഞാനവളെ ഇതിനു മുമ്പെപ്പോഴോ കണ്ടിട്ടുണ്ട്. ലഹരിയുടെ മായികമായ ആ ലോകത്തില്‍ എനിക്ക് വേണ്ടി ദൈവം ഒരുക്കിവച്ച സമ്മാനമായിരുന്നിരിക്കണം അവള്‍. മദ്യത്തിന്‍റെ ലഹരിയും അവളുടെ ചൂടും നല്‍കിയ പരമാനന്ദത്തില്‍ നേരം പുലര്‍ന്നതെപ്പോഴാണെന്ന് എനിക്കറിയില്ല. ബോധത്തിന്‍റെ സൂര്യരശ്മികളേറ്റു ഞാന്‍ കണ്ണുകള്‍ തുറക്കുമ്പോഴേക്കും അവള്‍ എന്‍റെ വജ്രമോതിരവുമായി എങ്ങോട്ടോ പറന്നു പോയിരുന്നു.

ഏറ്റവും പുറകിലെ ബെഞ്ചിലിരുന്നു, എന്നെ ലക്ഷ്യമാക്കി വരുന്ന നാല്പത്തിയേഴ് കണ്ണുകള്‍ക്ക് നേരെ നോക്കി മന്ദഹസിക്കുന്ന ഈ നിമിഷത്തില്‍, പുരുഷത്വത്തിനു പൂര്‍ത്തിവന്നതിന്‍റെ ചാരിതാര്‍ത്ഥമാണോ അതോ കാത്തുസൂക്ഷിച്ച വജ്രമോതിരം കളഞ്ഞുപോയതിന്‍റെ അങ്കലാപ്പാണോ എന്‍റെ മനസ്സില്‍? എനിക്കറിയില്ല