Sunday, December 11, 2016

കേശം, ക്ലേശം

2009 ജൂലായ് മാസം.

"ഭയ്യാ ജ്യാദ കം നഹി കരോ മീഡിയം മീഡിയം."

ഖാസിയാബാദ് കലക്ട്രേറ്റിനു പിൻവശം ഉള്ള ജന്റസ് ബ്യുട്ടി പാർലറിൽ കീറിയ ബനിയനും ഇട്ടു പാൻ മുറുക്കി ചുവപ്പിച്ചു നിൽക്കുന്ന ഭയ്യയോട് ഞാൻ തട്ടികൂട്ടി കാര്യം പറഞ്ഞു.

ഫാക്ടറിയിൽ നിന്നും ഇറങ്ങിയ ശേഷം അന്നേവരെ വെള്ളം കാണാത്ത ഒരു കറുത്ത പ്ലാസ്റ്റിക് പുതപ്പു കൊണ്ട് എന്നെ അയാൾ പൊതിഞ്ഞു, കഴുത്തിന് ചുറ്റും പുതപ്പിൽ തയ്ച്ചു ചേർത്ത വേൽക്രോ മുറുക്കി ഒട്ടിച്ചു. മുന്നിലുള്ള കണ്ണാടിയിൽ ഉള്ളത് കറുത്ത മുഖംമൂടി അണിഞ്ഞു കഴുമരത്തിൽ കുരുക്ക് മുറുകി കിടക്കുന്ന സദയത്തിലെ ലാലേട്ടൻ ആണോ?

അല്ല. കണ്ണാടിയിൽ കാണുന്ന ഇരട്ടിച്ച മങ്ങിയ പ്രതിബിംബം ഞാൻ തലയാട്ടുമ്പോൾ അനങ്ങുന്നുണ്ട്, ഇത് ലാലേട്ടനെക്കാൾ ഗ്ലാമർ ഉണ്ടെന്നു എനിക്കു തോന്നുന്ന എന്റെ മുഖം തന്നെ. കയ്യിൽ ഊരി പിടിച്ച കണ്ണട മടക്കി മേശയിൽ വച്ച് സദയം ഞാൻ ആ ഭായിയെ ഒന്ന് നോക്കി, കണ്ണടച്ചു.

കത്രികയുടെ സ്റ്റീൽ കൈകൾ തൊട്ടുരുമിയുണ്ടാക്കുന്ന സീൽക്കാരവും, ആ പരുക്കൻ കൈകൾ എന്റെ തലയിലെ വിരളവും അമൂല്യവും ആയ മുടിനാരുകളെ വേരോടെ പിഴുതെടുക്കുമോ എന്ന ഭയവും കൊണ്ടാകണം ഞാൻ കുറച്ചു നേരത്തേക്ക് വടക്കൻ വീരഗാഥയുടെ ക്ലൈമാക്സിൽ ഉള്ള ചന്തുവും ആയി താദാത്മ്യം പ്രാപിച്ചു.

"സർ അബ് ടീക് ഹേ നാ? ഔർ കം കരൂം?" പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ മൽപ്പിടുത്തത്തിനു ശേഷം അയാൾ എന്നോട് ചോദിച്ചു.

"നഹി നഹി ടീക് ഹേ" മേശപ്പുറത്തിരിക്കുന്ന കണ്ണടയെയും മുന്നിലെ കണ്ണാടിയും ദയനീയമായി ഒന്ന് നോക്കി ഞാൻ ശബ്ദത്തിനു സ്വല്പം കനം കൂട്ടി പറഞ്ഞു.

എന്റെ കഴുത്തിൽ മുറുക്കിയ കുരുക്ക് അയാൾ ഊരി മുടിനിറഞ്ഞ പുതപ്പു മാറ്റി കുടഞ്ഞു അലമാറിയിൽ മടക്കി വച്ചു. ചെറിയ വാട്ടർ പമ്പിൽ നിന്നും എന്റെ തലയിലേക്ക് വെള്ളം ചീറ്റി അയാൾ ശിവമണി ഘടം വായിക്കുന്ന പോലെ എന്റെ തലയിലും കഴുത്തിലും ഒക്കെ ഒന്ന് താളം പിടിച്ചു. എന്നിട്ടു എന്നെ നോക്കി മന്ദഹസിച്ചു. "സൗ റുപ്പയ".

കാശു കൊടുത്തു പുറത്തെ വെയിലിലേക്കു ഇറങ്ങിയ എനിക്ക് പരത്തിയ ചപ്പാത്തി ചട്ടിയിലേക്കു വീഴുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലായി.

വേദനിക്കുന്ന കഴുത്തുമായി റൂമിലേക്ക് പോകുമ്പോൾ സ്വന്തം താടിയിൽ കാലത്തു പണിത താജ്മഹലും വെചു വരുന്ന റോക്സിയെ കണ്ടു. എന്നെ കണ്ട പാടെ അവന്റെ മുഖത്ത് വിടർന്ന ആ വളിച്ച ചിരിയിൽ നിന്നും എനിക്ക് എന്റെ തലമുടിയുടെ അവസ്ഥ ഏതാണ്ട് മനസ്സിലായി.

"എന്ത് നിന്റെ തലയില് പാറ്റ നക്കിയോ?"

അങ്ങനെ ചോദിക്കുമ്പോൾ അവന്റെ താടിയിലെ താജ്മഹൽ ഏതാണ്ട് കുത്തബ് മിനാർ ആയ പോലെ എനിക്ക് തോന്നി. മൗനം അബദ്ധലക്ഷണം,  ഞാൻ ഒരു വളിച്ച ചിരിചിരിച്ചു ചന്തുവിനെപോലെ അവന്റെ വെട്ടിൽ നിന്നും ഒഴിഞ്ഞുമാറി.

രണ്ടു മാസത്തിനു ശേഷം ഓണത്തിന് നാട്ടിൽ പോകുമ്പോൾ എന്റെ മനസ്സിലെ ഏറ്റവും സുപ്രധാനമായ അജണ്ട ചന്ദ്രേട്ടന്റെ കേശാലങ്കാറിൽ പോയി സമാധാനമായി ഒന്ന് മുടി വെട്ടുക എന്നതായിരുന്നു. 

"ആ കുറെ കാലമായല്ലോ കണ്ടിട്ട്, ഇപ്പൊ എവിടാ ഡൽഹിയിൽ ആണല്ലേ"

"ഡൽഹി അല്ല യു പി ആണ് ഖാസിയാബാദ്"

"അത് ശരി. അരേ അമീർ യെ തുമാരെ വഹാസേ ആ രഹാ ഹൈ കട്ടിങ് കരോ."

"പണിക്കാരെ കിട്ടാനില്ല അവസാനം ഒരു യു പി കാരൻ ഭയ്യയെ കിട്ടി. മോന് ഹിന്ദി ഒക്കെ അറിയാവുന്നതല്ലേ ആ കസേരയിലേക്ക് ഇരുന്നോ"

ഞാൻ സദയം അമീറിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു, കസേരയിൽ ഇരുന്നു. ഭാഗ്യം അലക്കിയ വെളുത്ത തുണി ആണു അവന്റെ കയ്യിൽ.

"ഭയ്യാ ജ്യാദ കം നഹി കരോ മീഡിയം മീഡിയം."

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് കേറിയപ്പോൾ കണ്ടക്റ്റർ ഹിന്ദി പറയുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടിയതായിരുന്നു. ആ ഞെട്ടൽ ഇപ്പൊ ഒരു മരവിപ്പ് ആയി മാറിയിരിക്കുന്നു.

Monday, June 13, 2016

സ്വാമി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഎട്ടിലെ വെക്കേഷൻ കാലം. ഷാർജയിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ചിന്റെ ഇടയിൽ കറന്റ് പോയപ്പോൾ ഒന്ന് മുറുക്കാൻ ആയി ചായ്പ്പിലെ ചാരുകസേരയിൽ വന്നിരുന്നതായിരുന്നു സ്വാമി.

"ഈ തെണ്ടികളെയൊക്കെ വെടിവെച്ച് കൊല്ലണം, എന്നാലേ നാട് നന്നാവു"

അരിശത്തോടെ കയ്യിലുള്ള വീശറിയുടെ തണ്ടു കൊണ്ട് കസേരയുടെ കയ്യിൽ തട്ടികൊണ്ടു സ്വാമി പറഞ്ഞു. എന്നിട്ടു ഇടതു കാതിലെ ഇയർഫോൺ ഒന്നുകൂടി തിരുകിവച്ചു കയ്യിലുള്ള വെളുത്ത ഫിലിപ്സ് ഹിയറിങ് ഏയ്ഡിന്റെ നോബോന്നു തിരിച്ചു വോള്യം അഡ്ജസ്റ്റ് ചെയ്തു.

നീല പെയിന്റ് അടിച്ച കട്ടിളകളും വെള്ളനിറത്തിലുള്ള അഴികളുമുള്ള, വാതിലുകളില്ലാത്ത വലിയ ജനലുകൾ ചുവന്ന തറയോടുകൾ പതിച്ച ചായ്‌പിനെ വാടിയ പ്ലാവിലകൾ വീണു കിടക്കുന്ന ചെമ്മൺ മുറ്റത്തുനിന്നു വേർത്തിരിക്കുന്നു.

വീതികുറഞ്ഞ ആ മുറ്റത്തിന്റെ ഒരു അറ്റത്തു മതിലിനോട് ചേർന്ന് ഒരു ശീമപ്ലാവ് തഴച്ചു വളർന്നു നിൽക്കുന്നു. ആ പ്ലാവിന് തുണയായി അതിന്റെ ചിലകളോട് ചില്ലകൾ കോർത്ത് നിൽക്കുന്ന ഒരു ഒട്ടുമാവുണ്ട്. എപ്പോളും കാറ്റിന്റെ താളത്തിനു ഒത്തു ചില്ലകൾ ആട്ടി സന്തോഷത്തോടെ നിൽക്കുന്ന പ്ലാവിന്റെ ഇലകളെക്കാൾ തെളിച്ചം കുറവായിരുന്നു ഒട്ടുമാവിന്റെ ഇലകൾക്ക്. പത്തുവർഷം കഴിഞ്ഞിട്ടും തന്റെ ചിലകൾക്കു മാതൃത്വത്തിന്റെ ഭാരമേകാൻ ഒരു മാമ്പൂപോലും വിരിഞ്ഞില്ലല്ലോ എന്ന ദുഃഖം അതിന്റെ ഇലകളിൽ നിഴലിച്ചിരുന്നു. മാവിന്റെയും പ്ലാവിന്റെയും നടുവിൽ ഇടുങ്ങിയ ഇരുമ്പു ഗേറ്റിനു ചാരെ പൂത്തുനിൽക്കുന്ന അശോകമരത്തിനും മാവിലകളുടെ ദുഃഖം മാറ്റാൻ കഴിഞ്ഞിരുന്നില്ല.

തടിച്ച മതിലുകൾക്കു നടുവിൽ നിൽക്കുന്ന ചെറിയ ഇരുമ്പുപൂക്കൾ ഉള്ള ആ നീല ഗേറ്റിനും നീളൻ അഴികൾ ഉള്ള ചായ്പ്പിന്റെ നീല വാതിലിനും നടുവിൽ വീടിന്റെ കിഴക്കുഭാഗത്തായി ഒരു തുളസിത്തറ നിൽപ്പുണ്ടായിരുന്നു. തുളസി തറയ്ക്കും വാതിലിനും ഇടയിൽ വർഷങ്ങൾക്കു മുൻപ് തങ്ങളുടെ നെറ്റിയിൽ അരിമാവുകൊണ്ടു വരഞ്ഞ നക്ഷത്ര കോലങ്ങൾ എന്നെങ്കിലും തിരികെ വരുമെന്ന് പ്രതീക്ഷിച്ചു കിടക്കുന്ന ചുവന്ന തറയോടുകൾ.

"ബൗളിംഗ് മക്ഗ്രാത്ത് തന്നെ! കേമൻ, ഒരു ഓവറിലെ ആറു ബോളും കറക്റ്റ് ഓഫ്സ്റ്റമ്പ് ലൈനിൽ എറിയും, ഈ അഗാർക്കറും പ്രസാദും ഒന്നും പോരാ, ഒക്കെ അവന്റെ കാട്ടം തിന്നു പഠിക്കട്ടെ"

മൂക്കുപൊടിയുടെ മണമുള്ള ആ ജനൽപടിയിൽ ഇരിക്കുന്ന മുറുക്കാൻ ചെല്ലം തുറന്നു ഒരു വെറ്റില എടുത്തു ചുണ്ണാമ്പും റോജ പാക്കും കൂട്ടി ചുരുട്ടി വായിലിട്ടു ചവച്ചുകൊണ്ട് സ്വാമി പറഞ്ഞു.

സ്പോർട്സിൽ ഞങ്ങൾ കുട്ടികളുടെ ഒരു ഗോഡ്ഫാദർ ആയിരുന്നു സ്വാമി. വേൾഡ് കപ്പ് ക്രിക്കറ്റ് ആണെങ്കിലും ഫുട്‌ബോൾ ആണെങ്കിലും, വിംബിൾഡൺ ആയാലും പ്രീമിയർ ലീഗ് ആയാലും. എഫ്വൺ റേസ് മുതൽ ഗോൾഫ് വരെ എല്ലാം കണ്ടു രസിച്ചിരുന്ന ഒരു നല്ല കായിക പ്രേമിയായിരുന്നു അദ്ദേഹം. തൊണ്ണൂറ്റിയാറിലെ ലോകകപ്പിന് മുൻപ് ഈ എസ് പി എൻ പേ ചാനൽ ആക്കിയപ്പോ കേബിൾ ടിവിക്കാരൻ ജോസേട്ടനു കയ്യിൽ നിന്നും കാശുകൊടുത്തു കേബിളിൽ ക്രിക്കറ്റ് വരുത്തിയ ഞങ്ങളുടെ കൺകണ്ട ദൈവം.

1989ൽ ഭിലായിലെ സ്റ്റീൽ പ്ലാന്റിൽ നിന്നും റിട്ടയർ ആയി വന്നപ്പോ സ്വാമി കൊണ്ടുവന്ന കെൽട്രോൺ ടിവിയുടെ ഉന്തി പുറത്തേക്കു തള്ളി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ ആണ് ഞങ്ങൾ രമായണവും മഹാഭാരതവും അസറുദ്ദിന്റെ ഫ്ലിക്കും സച്ചിന്റെ ഡ്രൈവും ഒക്കെ കണ്ടു വളർന്നത്. ഞങ്ങൾ കുട്ടികൾക്കു അദ്ദേഹത്തോടു വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത, ഗാഢമായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. സ്വാമിയുടെ മനസ്സിനും ഞങ്ങളുടെ ശരീരത്തിനും ഏതാണ്ട് ഒരേ പ്രായമായിരുന്നു.

97ൽ സ്വാമിയും കുടുംബവും ബോംബെയിലെ മകന്റെ അടുത്തേക്ക് താമസിക്കാൻ പോയപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതു ആ മഠത്തിന്റെ മുറ്റത്തു വളർന്നിരുന്നു ചെടികളാണോ അതോ അവിടെ ക്രിക്കറ്റ് കളിച്ചിരുന്ന ഞങ്ങൾ കുട്ടികൾ ആണോ എന്ന് പറയുക വയ്യ. എന്തായാലും ഏതാണ്ട് ഒരുവർഷത്തിന് ശേഷം ഏകനായെങ്കിലും സ്ഥിരതമാസത്തിന് മഠത്തിലേക്ക് തിരിച്ചു വന്നതിൽ അദ്ദേഹത്തെ പോലെ ഞങ്ങളും സന്തോഷിച്ചിരുന്നു. ഉത്തരത്തിൽ കൂടു കൂട്ടിയിരുന്ന അണ്ണാറക്കന്മാർ മാത്രമേ അന്ന് അതിൽ ദുഃഖിച്ചിരുന്നുള്ളൂ.

"ബോംബെയിലെ ഒറ്റമുറിയിലെ താമസം വയ്യടോ, മരിക്കണ വരെ ഇനി ഇവിടുത്തെ ശുദ്ധവായു ശ്വസിക്കണം".

ക്ഷീണം ബാധിച്ചു തുടങ്ങിയ ശരീരത്തിനുള്ളിലെ കുട്ടിത്തം മാറാത്ത മനസ്സ് ഏതോ ഒരു സായാഹ്നത്തിൽ അങ്ങനെ പറഞ്ഞതായി ഓർക്കുന്നു.

99 നവംബറിലെ ഒരു ഞായറാഴ്ച.

"രാത്രി പ്രീമിയർ ലീഗ് കണ്ടു ഉറങ്ങാൻ വൈകിയതാകും. വാ നമുക്ക് പിൻഭാഗത്തെ ചായ്പ്പിന്റെ ഓടിളക്കി അകത്തു കടക്കാം. ആ ഭാഗത്തു ടോയ്ലറ്റിന്റെ സൈഡിൽ ഉള്ള വാതിൽ വേഗം തുറക്കാം"

സ്വല്പം കിതയ്ച്ചു കൊണ്ട് ഞാൻ അവനോടു പറഞ്ഞു.

അവൻ ഒടുപോളിച്ചു ചായ്‌പിലേക്ക് കടന്നു എന്നിട്ടു എനിക്ക് അടുക്കളയിൽ നിന്ന് കുളിമുറിയുലൂടെ ചായ്‌പിലേക്കുള്ള വാതിൽ തുറന്ന് തന്നു. ബെഡ്റൂമിനു അകത്തേയ്ക്കുള്ള വാതിൽ ഞങ്ങൾ മടവാള് കൊണ്ട് തിക്കി തുറക്കുമ്പോൾ എന്റെ  മനസ്സിലൂടെ പഴയ ഓർമ്മകൾ മിന്നി മറിഞ്ഞു.

പണ്ട്കാലത്തു ചേകണ്ണൻപീരുവിനെ വെല്ലുവിളിച്ചു പണിത 12 വണ്ണം വീതിയുള്ള മൺചുമരുകൾ. ആ ചുമരുകൾക്കുള്ളിലേക്ക് ഉള്ള വാതിൽ പൊളിച്ചു 17ഉം 13ഉം വയസ്സുള്ള രണ്ടു പയ്യൻമാർ അകത്തുകടന്നിരിക്കുന്നു.

തട്ടിന്മുകളിലെ തേക്കും ചുവരിനുള്ളില്ലേ മണ്ണും കൂടി ചേർന്ന് കാത്തു വച്ച ഒരു തണുപ്പ്. കൂരാ കൂരിരുട്ട്. മിനുസമുള്ള നിലത്തുകൂടി കരുതലോടെ മുന്നോട്ട് വച്ച ഒരു കാൽ. ആ കാൽ തണുത്തു മരവിച്ച എന്തിലോ ചെന്നു തട്ടിയതിന്റെ അങ്കലാപ്പിൽ ഒരു നിലവിളി.

"അയ്യോ!! എന്റെ കാൽ എന്തിലോ തട്ടി നീ വേഗം ആ ലൈറ്റ് ഇട്"

വെളിച്ചം ആ റൂമിനുള്ളിൽ പരന്ന ക്ഷണത്തിൽ സത്യം ഞങ്ങളുടെ ഉള്ളിലേക്ക് സ്വാമിയുടെ ചലനമറ്റ കണ്ണൂകളിലൂടെ തുറിച്ചു നോക്കി. കയ്യിൽ റിമോട്ടുമായി ഉടൽ തറയിലും കാലുകൾ കട്ടിലിലും ആയി കിടക്കുന്ന മരവിച്ച ഒരു ശരീരം. അടുത്ത് നിലത്തു ഫിലിപ്സിന്റെ വെളുത്ത ഹിയറിങ് എയ്ഡ്, പൂണൂലിൽ പിണഞ്ഞുകിടക്കുന്ന അതിന്റെ ഇയർഫോൺ.

മുറ്റത്തെ മാവിന്റെ മുകളിലിരുന്നു അണ്ണാറക്കണ്ണന്മാർ കരഞ്ഞിരുന്നു - സന്തോഷമാണോ അതോ ദുഃഖമോ? നിശ്ചലമായ പ്ലാവിന്റെ ചില്ലകളിലേക്ക് ആ മാവിന്റെ ഒരു കൊമ്പു എന്തോ ഒരു കനത്തിൽ ചാഞ്ഞിരിക്കുന്നു. ആ കൊമ്പിലെ വാടിതുടങ്ങിയ ഇലകൾ താഴെ കരിഞ്ഞ അശോകമരത്തിന്റെ കുറ്റിയിലേക്ക് നോക്കുന്ന പോലെ എനിക്ക് തോന്നി.

Saturday, June 11, 2016

അടിമക്കാവ്

"ഉണ്ണീ, സൂപ്പർ ആയിട്ടുണ്ട്, നീ പണ്ട് എഴുതിയ കവിത എനിക്ക് ഓർമ്മ വന്നു"

" ടട്ടു ഇനിയും എഴുതണം, അത് വായിച്ചപ്പോൾ എല്ലാം നേരിട്ട് കണ്ട ഒരു ഫീലിങ് ആർന്നു"

കോരിചൊരിയുന്ന മഴയത്തു ഇമ്മാതിരി മുഖസ്തുതിയും കെട്ടു ഇൻസ്പയർ ആയി മുറ്റത്തെക്ക് നോക്കിയപ്പോഴാണ്  മാവും കൊന്നയും ഒക്കെ മഴയിൽ ആർത്തു ഉല്ലസിക്കുന്നത് കണ്ടത്. മനസ്സിൽ പെട്ടന്ന് ആ കാവിന്റെ ഓർമ്മ വന്നു. അവിടെ പോയിട്ട് വർഷങ്ങൾ ആയി, കാട്ടിനുള്ളിൽ ഒരു മനോഹരമായ കാവ്, അത്രയെ ഓർമ്മയുള്ളൂ. ഈ മഴയിൽ ആ കാവിലെ ദൈവങ്ങൾ എത്ര മാത്രം സന്തോഷത്തിൽ ആയിരിക്കും.

അയൻ റാൻഡിനെ ഉപാസിക്കാൻ തുടങ്ങിയ പിന്നെ അമ്പലത്തിൽ ഒന്നും പോകാത്തത് കൊണ്ടും ഒരു നിരീശ്വരവാദി ഇമേജ് ഉള്ളത് കൊണ്ടും ആദ്യം ഒന്ന് അമാന്തിച്ചതാണു, പക്ഷെ കുഞ്ഞുനാളിലെ ഓർമ്മകളുടെ ഗ്രഹാതുരത്വമാണോ അതോ ശ്രാദ്ധനാളിൽ അച്ഛന്റെ അടിമക്കാവിനോടു തോന്നിയ സെന്റിമെന്റസ് ആണോ എന്തോ ഒന്ന് എന്നെ അവിടേയ്ക്ക് പോകാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

സന്ധ്യയായി അവിടെ എത്തിയപ്പോൾ. ഇടതൂർന്ന മരങ്ങൾ അവരുടെ കൈകൾ കൊണ്ട് ചെങ്കൽ പാകിയ നടവഴികളെ സൂര്യരശ്മികളിൽ നിന്നും മറച്ചു പിടിച്ചിരിക്കുന്നു. ചീവിടുകൾ തമ്മിലുള്ള കലഹം ആ കാട്ടിനുള്ളിലെ ശാന്തതക്കു ഭംഗം വരുത്തുന്നു. ഞങ്ങളെ വരവേൽക്കാൻ കറുത്ത് ഇരുണ്ട കാർമേഘങ്ങൾ ഒരു നല്ല മഴയുമായി തയ്യാറായി നിൽക്കുന്നു.ഒട്ടും താമസിച്ചില്ല, അമ്പലത്തിന്റെ കവാടം കടന്നതും അവർ ജലവൃഷ്ടി നടത്തി സ്വാഗതം ചെയ്തു.

വളഞ്ഞ സ്റ്റീൽ കമ്പികളാൽ ബന്ധിക്കപ്പെട്ട നൈലോൺ തുണിയുടെ മറവിൽ മുന്നോട്ടു വച്ച ഓരോ ചുവടുകളും എന്നെ ആധുനിക ലോകത്തിന്റെ അശാന്തമായ കൊലഹളങ്ങളിൽ നിന്നും അകലെ പ്രകൃതിയുടെ ശാന്തമായ അകത്തളങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുന്ന പോലെ തോന്നി.

ഭൂമിയുടെ സ്‌ത്രൈണ ഭാവം ഉദ്‌ഘോഷിക്കുന്ന സ്വയംഭൂ, അതിനെ മറയ്ക്കുന്ന ഗോളകകൾ, അവയ്ക്കു ചുറ്റും നിലവിളക്കുകൾ. മനുഷ്യനെ അവന്റെ ഉള്ളിലെ നിത്യശാന്തിയിലേക്ക് നോക്കാൻ അവയുടെ ചൈതന്യം, പ്രേരിപ്പിക്കുന്നു ഉത്തേജിപിക്കുന്നൂ.

"ടട്ടു അമ്പലത്തിൽ വന്നതുകൊണ്ടാകും മഴപെയ്യുന്നതു, എന്തൊരു ഭംഗിയാ മഴയത്ത് ഇവിടെ ഈ കാടും കാവും ഒക്കെ കാണാൻ"

കാവിലെ ഭഗവതിയുടെ മുഖം പോലെ പ്രസന്നമായിരുന്നു അവളുടെ മുഖം.

കോരിച്ചൊരിയുന്ന മഴയത്തും പ്രദക്ഷിണ വഴിയിൽ ധ്യാനിച്ചിരിക്കുന്ന ആദി ശങ്കരന്റെ വെണ്ണക്കൽ പ്രതിമയോട് എനിക്ക് അസൂയ തോന്നി. വിശ്വാസം അത് യുക്തിക്കു നിരക്കുന്നതല്ലെങ്കിലും പരിസ്ഥിതി സംരക്ഷണത്തിൽ വളരെ ഫലപ്രദം തന്നെ.

"ഉഗ്രരൂപത്തിൽ ഉള്ള ഭദ്രകളിയാണ് അവിടെ. നേരെ ഇടത്തോട്ടു കാണുന്ന വഴിയിലൂടെ നടന്നാൽ മതി, റോഡുപണിയാണ് വണ്ടി പോകില്ല."

മേലേക്കവും കീഴക്കാവും കണ്ടു ഞങ്ങൾ ഇതു വരെ പോയിട്ടില്ലാത്ത കണ്ണേങ്കാവിനെ പറ്റി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞു.

ജന്മസിദ്ധമായ ആകാംഷയാണോ അതോ ആ കാവിന്റെ സൗന്ദര്യം ഉണർത്തിയ ആത്മീയ അഭിവാഞ്ഛയാണോ എന്ന് അറിയില്ല, കൂടെ ഉള്ളവരെ പിന്നിലാക്കി കൂർത്ത കൽച്ചീളുകളെ വകവയ്ക്കാതെ ഞാൻ ആ മെറ്റൽ വിരിച്ച വഴിയിലൂടെ വേഗം നടന്നു. വലിയ മൈതാനവും കടന്നു ഏകനായി ക്ഷേത്രമതിൽകെട്ടിൽ കയറി.

ഭക്തിയോടെ കുറേപേർ ദീപാരാധനക്കു അടച്ച നടയുടെ മുന്നിൽ കൈകൂപ്പി നിൽക്കുന്നു. പട്ടും വാളും ചിലങ്കയും നടയ്ക്കു പുറത്തു വയ്ച്ചിരുന്നതു കണ്ടു, വെളിച്ചപ്പാടിന്റെ തുള്ളലും അരുളിപാടും കാത്തു നിൽക്കുന്നവരാണ് പുറത്തു എന്ന് മനസ്സിലായി.

അല്പനേരം അവിടെ നിന്നു പക്ഷേ നടതുറന്നില്ല, കൂടെയുള്ളവരെപറ്റി അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്. അവർ എവിടെ എന്ന് നോക്കാൻ പുറത്ത് ഇറങ്ങിയപ്പോൾ, അതാ രൗദ്ര ഭാവത്തിൽ ഭദ്രകാളിയെപോലെ എന്നെ നോക്കി കലിതുള്ളി ഒക്കത്ത് കുഞ്ഞിനേയും വച്ച് അവൾ നടന്നു വരുന്നു. ഉള്ളിലെ മൂർത്തിയുടെ  ഭാവം നട തുറക്കുന്നതിനു മുൻപേ എനിക്ക് മനസ്സിലായി.

കുടുബം നൈലോൺതുണിയെ പിടിച്ചുകെട്ടുന്ന കുടകമ്പികൾ പോലെയാണ്, ഭാര്യയുടെ മുഖം മൺസൂൺ മേഘത്തെപോലെയും. കാവിലെ ഭാഗവതിയെപോലെ സൗമ്യമായി പെയ്യുന്ന മഴയ്ക്ക് ചുടലപ്പറമ്പിലെ ഭദ്രകാളിയാകാൻ നൂറുമീറ്റർ കരിങ്കൽ പാത കടക്കാനുള്ള നേരമേ വേണ്ടു.

Tuesday, June 7, 2016

ഹൃദയം

പതിനാറു വർഷങ്ങൾക്കുമുൻപ് ഒരു ജൂൺ മാസം. മൺസൂൺമേഘങ്ങൾ അറബിക്കടലും കടന്ന് സഹ്യപർവ്വതത്തെ പുൽകാൻ പറന്നടുത്ത ഒരു പ്രഭാതം.
ചാറ്റൽമഴയുടെ തണുപ്പും, പുതുമഴ മണ്ണിനെ തഴുകിയ സുഗന്ധവും ആസ്വദിച്ചു പുതപ്പിനുള്ളിൽ ചുരുണ്ട്കൂടി ഉറങ്ങിയിരുന്ന അവനെ ആ കനമുള്ള കൈകൾ തൊട്ടുണർത്തി.

"ഉണ്ണി എഴുന്നേൽക്ക്, അച്ഛനൊരു അസ്വസ്ഥത, ശ്വാസം മുട്ടുന്നത് പൊലെ. വാ നമുക്കൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം"

അച്ഛന്റെ വാക്കുകൾ കേട്ട് ഞെട്ടി ഉണർന്ന അവന്റെ ഹൃദയം ഒന്ന് അസ്വസ്ഥമായി. അദൃശ്യനായ വിധിയുടെ കാർമേഘങ്ങൾ ഉദിച്ചുയരുന്ന സൂര്യനെ മറയ്ക്കുന്ന പോലെ! കാലത്തിന്റെ സ്വാഭാവികമായ അനിശ്ചിതത്വം അവനിൽ ഒരു പരിഭ്രാന്തി ഉളവാക്കി.

അച്ഛന്റെ കൈ പിടിച്ചു നടക്കുമ്പോൾ, ആ കൈകളിൽ നിന്നും ഊർന്നിറങ്ങിയ ഗാഢമായ ഒരു തണുപ്പ് അവന്റെ ഹൃദയത്തെ കൂടുതൽ അസ്വസ്ഥമാക്കി.

"ഉണ്ണീ നീ ആ ബെൽ ഒന്നടിക്കു, ഡോക്ടറെ വേഗം വിളിക്ക് എനിക്ക് എന്തോ ഒരു വല്ലായ്മ"

ശബ്ദതരംഗങ്ങൾ കാതുകളിൽ നിന്നും തലച്ചോറിൽ എത്തി അവന്റെ ബോധമണ്ഡലത്തെ സ്പർശിക്കുന്നതിനും മുൻപ്, ആ കനമുള്ള കൈകൾ അവന്റെ തോളിൽ അമർന്നു. നീണ്ട പതിനാലു വര്ഷം ഊണിലും ഉറക്കത്തിലും അവനെ എടുത്തു നടന്ന ശരീരം അന്ന് ആദ്യമായി അവന്റെ കൈകളിലേക്ക് ചാഞ്ഞു.

തന്റെ ഭൂതകാലത്തെയും ഭാവികാലത്തെയും ചുമന്നിരുന്ന ശരീരത്തിന്റെ ഭാരം താങ്ങാൻ അവന്റെ കൈകാലുകൾക്കു കരുത്ത് പോരായിരുന്നു. നിയോഗം തീർന്നു മടങ്ങുന്ന ആത്മാവിനെ തടഞ്ഞുനിർത്താൻ അവന്റെ ഉള്ളിലെ ദൈവങ്ങൾക്കും കഴിഞ്ഞില്ല.

വിഫലമായ മർദ്ദനങ്ങൾക്കു നിശ്ചലമായ ആ ഹൃദയത്തെ ഉണർത്താൻ കഴിയില്ല എന്ന് കണ്ടു പകച്ചു പോയ ഡോക്ടർ പതറിയ ശബ്ദത്തിൽ അവനോടു പറഞ്ഞു

"അച്ഛന്റെ ഹൃദയം നിലച്ചിരിക്കുന്നു".

അതെ ഹൃദയം നിലച്ചിരിക്കുന്നു. ആംബുലൻസിന്റെ സൈറണും, അലമുറയിട്ടു കരയുന്ന അമ്മയുടെ നിശ്വാസത്തിനും നിസ്സംഗമായ, നിർവികാരമായ ആ ഹൃദയത്തെ ഉണർത്താൻ കഴിഞ്ഞില്ല.

അപ്രതീക്ഷിതമായി തന്റെ ചുമലിലേക്ക് ഉറങ്ങി അമർന്ന അച്ഛന്റെ ശരീരത്തിന്റെ ഭാരത്തിൽ വികാരങ്ങൾ വിചാരങ്ങൾക്ക് വഴിമാറിയപ്പോൾ, നിശ്ചലമായ ഹൃദയത്തിന്റെ തുടിപ്പുകൾ കേൾക്കാൻ അവന്റെ കാതുകൾക്കു ആകുമായിരുന്നില്ല.

വീണ്ടും ഒരു ജൂൺ മാസം. സഹ്യനെ തഴുകാൻ അല്പം മടിച്ചിട്ടാണെങ്കിലും ഇത്തവണയും മൺസൂൺ മേഘങ്ങൾ വന്നെത്തിയിരിക്കുന്നു.

"പപ്പാ, പപ്പാ, മഴ"

തന്റെ മാറിൽ തലചായ്ച്ചു ഉറങ്ങിയിരുന്ന മകൾ ഉണർന്നു കോൺക്രീറ്റ് നിലത്തെ ലക്ഷ്യമാക്കി കുതിക്കുന്ന മഴത്തുള്ളികളെ നോക്കി അവനോടു പറഞ്ഞു.
അലൂമിനിയം പാളികളിൽ ശക്തമായി പതിക്കുന്ന പെരുമഴയുടെ ശബ്ദത്തിലും ഹൃദയ തുടിപ്പുകൾ അവന് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

"അച്ഛന്റെ ഹൃദയം വീണ്ടും ഉണർന്നിരിക്കുന്നു."

അവൻ അവനോടു തന്നെ പറഞ്ഞു.

വർഷങ്ങൾക്കു ശേഷം ആദ്യമായി നിറഞ്ഞ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കുഞ്ഞു കൈവിരലുകളിൽ പതിച്ചു.

"പപ്പാ മഴവെള്ളം."

നിഷ്കളങ്കമായ പുഞ്ചിരിയോടെ അവൾ പറഞ്ഞു.