Sunday, December 11, 2016

കേശം, ക്ലേശം

2009 ജൂലായ് മാസം.

"ഭയ്യാ ജ്യാദ കം നഹി കരോ മീഡിയം മീഡിയം."

ഖാസിയാബാദ് കലക്ട്രേറ്റിനു പിൻവശം ഉള്ള ജന്റസ് ബ്യുട്ടി പാർലറിൽ കീറിയ ബനിയനും ഇട്ടു പാൻ മുറുക്കി ചുവപ്പിച്ചു നിൽക്കുന്ന ഭയ്യയോട് ഞാൻ തട്ടികൂട്ടി കാര്യം പറഞ്ഞു.

ഫാക്ടറിയിൽ നിന്നും ഇറങ്ങിയ ശേഷം അന്നേവരെ വെള്ളം കാണാത്ത ഒരു കറുത്ത പ്ലാസ്റ്റിക് പുതപ്പു കൊണ്ട് എന്നെ അയാൾ പൊതിഞ്ഞു, കഴുത്തിന് ചുറ്റും പുതപ്പിൽ തയ്ച്ചു ചേർത്ത വേൽക്രോ മുറുക്കി ഒട്ടിച്ചു. മുന്നിലുള്ള കണ്ണാടിയിൽ ഉള്ളത് കറുത്ത മുഖംമൂടി അണിഞ്ഞു കഴുമരത്തിൽ കുരുക്ക് മുറുകി കിടക്കുന്ന സദയത്തിലെ ലാലേട്ടൻ ആണോ?

അല്ല. കണ്ണാടിയിൽ കാണുന്ന ഇരട്ടിച്ച മങ്ങിയ പ്രതിബിംബം ഞാൻ തലയാട്ടുമ്പോൾ അനങ്ങുന്നുണ്ട്, ഇത് ലാലേട്ടനെക്കാൾ ഗ്ലാമർ ഉണ്ടെന്നു എനിക്കു തോന്നുന്ന എന്റെ മുഖം തന്നെ. കയ്യിൽ ഊരി പിടിച്ച കണ്ണട മടക്കി മേശയിൽ വച്ച് സദയം ഞാൻ ആ ഭായിയെ ഒന്ന് നോക്കി, കണ്ണടച്ചു.

കത്രികയുടെ സ്റ്റീൽ കൈകൾ തൊട്ടുരുമിയുണ്ടാക്കുന്ന സീൽക്കാരവും, ആ പരുക്കൻ കൈകൾ എന്റെ തലയിലെ വിരളവും അമൂല്യവും ആയ മുടിനാരുകളെ വേരോടെ പിഴുതെടുക്കുമോ എന്ന ഭയവും കൊണ്ടാകണം ഞാൻ കുറച്ചു നേരത്തേക്ക് വടക്കൻ വീരഗാഥയുടെ ക്ലൈമാക്സിൽ ഉള്ള ചന്തുവും ആയി താദാത്മ്യം പ്രാപിച്ചു.

"സർ അബ് ടീക് ഹേ നാ? ഔർ കം കരൂം?" പത്തു പതിനഞ്ചു മിനിറ്റ് നേരത്തെ മൽപ്പിടുത്തത്തിനു ശേഷം അയാൾ എന്നോട് ചോദിച്ചു.

"നഹി നഹി ടീക് ഹേ" മേശപ്പുറത്തിരിക്കുന്ന കണ്ണടയെയും മുന്നിലെ കണ്ണാടിയും ദയനീയമായി ഒന്ന് നോക്കി ഞാൻ ശബ്ദത്തിനു സ്വല്പം കനം കൂട്ടി പറഞ്ഞു.

എന്റെ കഴുത്തിൽ മുറുക്കിയ കുരുക്ക് അയാൾ ഊരി മുടിനിറഞ്ഞ പുതപ്പു മാറ്റി കുടഞ്ഞു അലമാറിയിൽ മടക്കി വച്ചു. ചെറിയ വാട്ടർ പമ്പിൽ നിന്നും എന്റെ തലയിലേക്ക് വെള്ളം ചീറ്റി അയാൾ ശിവമണി ഘടം വായിക്കുന്ന പോലെ എന്റെ തലയിലും കഴുത്തിലും ഒക്കെ ഒന്ന് താളം പിടിച്ചു. എന്നിട്ടു എന്നെ നോക്കി മന്ദഹസിച്ചു. "സൗ റുപ്പയ".

കാശു കൊടുത്തു പുറത്തെ വെയിലിലേക്കു ഇറങ്ങിയ എനിക്ക് പരത്തിയ ചപ്പാത്തി ചട്ടിയിലേക്കു വീഴുമ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്താണെന്നു മനസ്സിലായി.

വേദനിക്കുന്ന കഴുത്തുമായി റൂമിലേക്ക് പോകുമ്പോൾ സ്വന്തം താടിയിൽ കാലത്തു പണിത താജ്മഹലും വെചു വരുന്ന റോക്സിയെ കണ്ടു. എന്നെ കണ്ട പാടെ അവന്റെ മുഖത്ത് വിടർന്ന ആ വളിച്ച ചിരിയിൽ നിന്നും എനിക്ക് എന്റെ തലമുടിയുടെ അവസ്ഥ ഏതാണ്ട് മനസ്സിലായി.

"എന്ത് നിന്റെ തലയില് പാറ്റ നക്കിയോ?"

അങ്ങനെ ചോദിക്കുമ്പോൾ അവന്റെ താടിയിലെ താജ്മഹൽ ഏതാണ്ട് കുത്തബ് മിനാർ ആയ പോലെ എനിക്ക് തോന്നി. മൗനം അബദ്ധലക്ഷണം,  ഞാൻ ഒരു വളിച്ച ചിരിചിരിച്ചു ചന്തുവിനെപോലെ അവന്റെ വെട്ടിൽ നിന്നും ഒഴിഞ്ഞുമാറി.

രണ്ടു മാസത്തിനു ശേഷം ഓണത്തിന് നാട്ടിൽ പോകുമ്പോൾ എന്റെ മനസ്സിലെ ഏറ്റവും സുപ്രധാനമായ അജണ്ട ചന്ദ്രേട്ടന്റെ കേശാലങ്കാറിൽ പോയി സമാധാനമായി ഒന്ന് മുടി വെട്ടുക എന്നതായിരുന്നു. 

"ആ കുറെ കാലമായല്ലോ കണ്ടിട്ട്, ഇപ്പൊ എവിടാ ഡൽഹിയിൽ ആണല്ലേ"

"ഡൽഹി അല്ല യു പി ആണ് ഖാസിയാബാദ്"

"അത് ശരി. അരേ അമീർ യെ തുമാരെ വഹാസേ ആ രഹാ ഹൈ കട്ടിങ് കരോ."

"പണിക്കാരെ കിട്ടാനില്ല അവസാനം ഒരു യു പി കാരൻ ഭയ്യയെ കിട്ടി. മോന് ഹിന്ദി ഒക്കെ അറിയാവുന്നതല്ലേ ആ കസേരയിലേക്ക് ഇരുന്നോ"

ഞാൻ സദയം അമീറിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു, കസേരയിൽ ഇരുന്നു. ഭാഗ്യം അലക്കിയ വെളുത്ത തുണി ആണു അവന്റെ കയ്യിൽ.

"ഭയ്യാ ജ്യാദ കം നഹി കരോ മീഡിയം മീഡിയം."

വടക്കാഞ്ചേരി റയിൽവേ സ്റ്റേഷനിൽ നിന്നും ബസ് കേറിയപ്പോൾ കണ്ടക്റ്റർ ഹിന്ദി പറയുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടിയതായിരുന്നു. ആ ഞെട്ടൽ ഇപ്പൊ ഒരു മരവിപ്പ് ആയി മാറിയിരിക്കുന്നു.

No comments:

Post a Comment