Monday, June 13, 2016

സ്വാമി

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിഎട്ടിലെ വെക്കേഷൻ കാലം. ഷാർജയിൽ നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ ക്രിക്കറ്റ് മാച്ചിന്റെ ഇടയിൽ കറന്റ് പോയപ്പോൾ ഒന്ന് മുറുക്കാൻ ആയി ചായ്പ്പിലെ ചാരുകസേരയിൽ വന്നിരുന്നതായിരുന്നു സ്വാമി.

"ഈ തെണ്ടികളെയൊക്കെ വെടിവെച്ച് കൊല്ലണം, എന്നാലേ നാട് നന്നാവു"

അരിശത്തോടെ കയ്യിലുള്ള വീശറിയുടെ തണ്ടു കൊണ്ട് കസേരയുടെ കയ്യിൽ തട്ടികൊണ്ടു സ്വാമി പറഞ്ഞു. എന്നിട്ടു ഇടതു കാതിലെ ഇയർഫോൺ ഒന്നുകൂടി തിരുകിവച്ചു കയ്യിലുള്ള വെളുത്ത ഫിലിപ്സ് ഹിയറിങ് ഏയ്ഡിന്റെ നോബോന്നു തിരിച്ചു വോള്യം അഡ്ജസ്റ്റ് ചെയ്തു.

നീല പെയിന്റ് അടിച്ച കട്ടിളകളും വെള്ളനിറത്തിലുള്ള അഴികളുമുള്ള, വാതിലുകളില്ലാത്ത വലിയ ജനലുകൾ ചുവന്ന തറയോടുകൾ പതിച്ച ചായ്‌പിനെ വാടിയ പ്ലാവിലകൾ വീണു കിടക്കുന്ന ചെമ്മൺ മുറ്റത്തുനിന്നു വേർത്തിരിക്കുന്നു.

വീതികുറഞ്ഞ ആ മുറ്റത്തിന്റെ ഒരു അറ്റത്തു മതിലിനോട് ചേർന്ന് ഒരു ശീമപ്ലാവ് തഴച്ചു വളർന്നു നിൽക്കുന്നു. ആ പ്ലാവിന് തുണയായി അതിന്റെ ചിലകളോട് ചില്ലകൾ കോർത്ത് നിൽക്കുന്ന ഒരു ഒട്ടുമാവുണ്ട്. എപ്പോളും കാറ്റിന്റെ താളത്തിനു ഒത്തു ചില്ലകൾ ആട്ടി സന്തോഷത്തോടെ നിൽക്കുന്ന പ്ലാവിന്റെ ഇലകളെക്കാൾ തെളിച്ചം കുറവായിരുന്നു ഒട്ടുമാവിന്റെ ഇലകൾക്ക്. പത്തുവർഷം കഴിഞ്ഞിട്ടും തന്റെ ചിലകൾക്കു മാതൃത്വത്തിന്റെ ഭാരമേകാൻ ഒരു മാമ്പൂപോലും വിരിഞ്ഞില്ലല്ലോ എന്ന ദുഃഖം അതിന്റെ ഇലകളിൽ നിഴലിച്ചിരുന്നു. മാവിന്റെയും പ്ലാവിന്റെയും നടുവിൽ ഇടുങ്ങിയ ഇരുമ്പു ഗേറ്റിനു ചാരെ പൂത്തുനിൽക്കുന്ന അശോകമരത്തിനും മാവിലകളുടെ ദുഃഖം മാറ്റാൻ കഴിഞ്ഞിരുന്നില്ല.

തടിച്ച മതിലുകൾക്കു നടുവിൽ നിൽക്കുന്ന ചെറിയ ഇരുമ്പുപൂക്കൾ ഉള്ള ആ നീല ഗേറ്റിനും നീളൻ അഴികൾ ഉള്ള ചായ്പ്പിന്റെ നീല വാതിലിനും നടുവിൽ വീടിന്റെ കിഴക്കുഭാഗത്തായി ഒരു തുളസിത്തറ നിൽപ്പുണ്ടായിരുന്നു. തുളസി തറയ്ക്കും വാതിലിനും ഇടയിൽ വർഷങ്ങൾക്കു മുൻപ് തങ്ങളുടെ നെറ്റിയിൽ അരിമാവുകൊണ്ടു വരഞ്ഞ നക്ഷത്ര കോലങ്ങൾ എന്നെങ്കിലും തിരികെ വരുമെന്ന് പ്രതീക്ഷിച്ചു കിടക്കുന്ന ചുവന്ന തറയോടുകൾ.

"ബൗളിംഗ് മക്ഗ്രാത്ത് തന്നെ! കേമൻ, ഒരു ഓവറിലെ ആറു ബോളും കറക്റ്റ് ഓഫ്സ്റ്റമ്പ് ലൈനിൽ എറിയും, ഈ അഗാർക്കറും പ്രസാദും ഒന്നും പോരാ, ഒക്കെ അവന്റെ കാട്ടം തിന്നു പഠിക്കട്ടെ"

മൂക്കുപൊടിയുടെ മണമുള്ള ആ ജനൽപടിയിൽ ഇരിക്കുന്ന മുറുക്കാൻ ചെല്ലം തുറന്നു ഒരു വെറ്റില എടുത്തു ചുണ്ണാമ്പും റോജ പാക്കും കൂട്ടി ചുരുട്ടി വായിലിട്ടു ചവച്ചുകൊണ്ട് സ്വാമി പറഞ്ഞു.

സ്പോർട്സിൽ ഞങ്ങൾ കുട്ടികളുടെ ഒരു ഗോഡ്ഫാദർ ആയിരുന്നു സ്വാമി. വേൾഡ് കപ്പ് ക്രിക്കറ്റ് ആണെങ്കിലും ഫുട്‌ബോൾ ആണെങ്കിലും, വിംബിൾഡൺ ആയാലും പ്രീമിയർ ലീഗ് ആയാലും. എഫ്വൺ റേസ് മുതൽ ഗോൾഫ് വരെ എല്ലാം കണ്ടു രസിച്ചിരുന്ന ഒരു നല്ല കായിക പ്രേമിയായിരുന്നു അദ്ദേഹം. തൊണ്ണൂറ്റിയാറിലെ ലോകകപ്പിന് മുൻപ് ഈ എസ് പി എൻ പേ ചാനൽ ആക്കിയപ്പോ കേബിൾ ടിവിക്കാരൻ ജോസേട്ടനു കയ്യിൽ നിന്നും കാശുകൊടുത്തു കേബിളിൽ ക്രിക്കറ്റ് വരുത്തിയ ഞങ്ങളുടെ കൺകണ്ട ദൈവം.

1989ൽ ഭിലായിലെ സ്റ്റീൽ പ്ലാന്റിൽ നിന്നും റിട്ടയർ ആയി വന്നപ്പോ സ്വാമി കൊണ്ടുവന്ന കെൽട്രോൺ ടിവിയുടെ ഉന്തി പുറത്തേക്കു തള്ളി നിൽക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ ആണ് ഞങ്ങൾ രമായണവും മഹാഭാരതവും അസറുദ്ദിന്റെ ഫ്ലിക്കും സച്ചിന്റെ ഡ്രൈവും ഒക്കെ കണ്ടു വളർന്നത്. ഞങ്ങൾ കുട്ടികൾക്കു അദ്ദേഹത്തോടു വാക്കുകൾ കൊണ്ട് വർണ്ണിക്കാൻ കഴിയാത്ത, ഗാഢമായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. സ്വാമിയുടെ മനസ്സിനും ഞങ്ങളുടെ ശരീരത്തിനും ഏതാണ്ട് ഒരേ പ്രായമായിരുന്നു.

97ൽ സ്വാമിയും കുടുംബവും ബോംബെയിലെ മകന്റെ അടുത്തേക്ക് താമസിക്കാൻ പോയപ്പോൾ ഏറ്റവും കൂടുതൽ ദുഃഖിച്ചതു ആ മഠത്തിന്റെ മുറ്റത്തു വളർന്നിരുന്നു ചെടികളാണോ അതോ അവിടെ ക്രിക്കറ്റ് കളിച്ചിരുന്ന ഞങ്ങൾ കുട്ടികൾ ആണോ എന്ന് പറയുക വയ്യ. എന്തായാലും ഏതാണ്ട് ഒരുവർഷത്തിന് ശേഷം ഏകനായെങ്കിലും സ്ഥിരതമാസത്തിന് മഠത്തിലേക്ക് തിരിച്ചു വന്നതിൽ അദ്ദേഹത്തെ പോലെ ഞങ്ങളും സന്തോഷിച്ചിരുന്നു. ഉത്തരത്തിൽ കൂടു കൂട്ടിയിരുന്ന അണ്ണാറക്കന്മാർ മാത്രമേ അന്ന് അതിൽ ദുഃഖിച്ചിരുന്നുള്ളൂ.

"ബോംബെയിലെ ഒറ്റമുറിയിലെ താമസം വയ്യടോ, മരിക്കണ വരെ ഇനി ഇവിടുത്തെ ശുദ്ധവായു ശ്വസിക്കണം".

ക്ഷീണം ബാധിച്ചു തുടങ്ങിയ ശരീരത്തിനുള്ളിലെ കുട്ടിത്തം മാറാത്ത മനസ്സ് ഏതോ ഒരു സായാഹ്നത്തിൽ അങ്ങനെ പറഞ്ഞതായി ഓർക്കുന്നു.

99 നവംബറിലെ ഒരു ഞായറാഴ്ച.

"രാത്രി പ്രീമിയർ ലീഗ് കണ്ടു ഉറങ്ങാൻ വൈകിയതാകും. വാ നമുക്ക് പിൻഭാഗത്തെ ചായ്പ്പിന്റെ ഓടിളക്കി അകത്തു കടക്കാം. ആ ഭാഗത്തു ടോയ്ലറ്റിന്റെ സൈഡിൽ ഉള്ള വാതിൽ വേഗം തുറക്കാം"

സ്വല്പം കിതയ്ച്ചു കൊണ്ട് ഞാൻ അവനോടു പറഞ്ഞു.

അവൻ ഒടുപോളിച്ചു ചായ്‌പിലേക്ക് കടന്നു എന്നിട്ടു എനിക്ക് അടുക്കളയിൽ നിന്ന് കുളിമുറിയുലൂടെ ചായ്‌പിലേക്കുള്ള വാതിൽ തുറന്ന് തന്നു. ബെഡ്റൂമിനു അകത്തേയ്ക്കുള്ള വാതിൽ ഞങ്ങൾ മടവാള് കൊണ്ട് തിക്കി തുറക്കുമ്പോൾ എന്റെ  മനസ്സിലൂടെ പഴയ ഓർമ്മകൾ മിന്നി മറിഞ്ഞു.

പണ്ട്കാലത്തു ചേകണ്ണൻപീരുവിനെ വെല്ലുവിളിച്ചു പണിത 12 വണ്ണം വീതിയുള്ള മൺചുമരുകൾ. ആ ചുമരുകൾക്കുള്ളിലേക്ക് ഉള്ള വാതിൽ പൊളിച്ചു 17ഉം 13ഉം വയസ്സുള്ള രണ്ടു പയ്യൻമാർ അകത്തുകടന്നിരിക്കുന്നു.

തട്ടിന്മുകളിലെ തേക്കും ചുവരിനുള്ളില്ലേ മണ്ണും കൂടി ചേർന്ന് കാത്തു വച്ച ഒരു തണുപ്പ്. കൂരാ കൂരിരുട്ട്. മിനുസമുള്ള നിലത്തുകൂടി കരുതലോടെ മുന്നോട്ട് വച്ച ഒരു കാൽ. ആ കാൽ തണുത്തു മരവിച്ച എന്തിലോ ചെന്നു തട്ടിയതിന്റെ അങ്കലാപ്പിൽ ഒരു നിലവിളി.

"അയ്യോ!! എന്റെ കാൽ എന്തിലോ തട്ടി നീ വേഗം ആ ലൈറ്റ് ഇട്"

വെളിച്ചം ആ റൂമിനുള്ളിൽ പരന്ന ക്ഷണത്തിൽ സത്യം ഞങ്ങളുടെ ഉള്ളിലേക്ക് സ്വാമിയുടെ ചലനമറ്റ കണ്ണൂകളിലൂടെ തുറിച്ചു നോക്കി. കയ്യിൽ റിമോട്ടുമായി ഉടൽ തറയിലും കാലുകൾ കട്ടിലിലും ആയി കിടക്കുന്ന മരവിച്ച ഒരു ശരീരം. അടുത്ത് നിലത്തു ഫിലിപ്സിന്റെ വെളുത്ത ഹിയറിങ് എയ്ഡ്, പൂണൂലിൽ പിണഞ്ഞുകിടക്കുന്ന അതിന്റെ ഇയർഫോൺ.

മുറ്റത്തെ മാവിന്റെ മുകളിലിരുന്നു അണ്ണാറക്കണ്ണന്മാർ കരഞ്ഞിരുന്നു - സന്തോഷമാണോ അതോ ദുഃഖമോ? നിശ്ചലമായ പ്ലാവിന്റെ ചില്ലകളിലേക്ക് ആ മാവിന്റെ ഒരു കൊമ്പു എന്തോ ഒരു കനത്തിൽ ചാഞ്ഞിരിക്കുന്നു. ആ കൊമ്പിലെ വാടിതുടങ്ങിയ ഇലകൾ താഴെ കരിഞ്ഞ അശോകമരത്തിന്റെ കുറ്റിയിലേക്ക് നോക്കുന്ന പോലെ എനിക്ക് തോന്നി.

2 comments:

  1. Egane arenkilum ariyuo sherikkum, nice one, relates my grandmother and other grandparents who live alone in their old house.

    ReplyDelete