Tuesday, March 15, 2011

വിരഹിണിയുടെ വിലാപം

ഞാന്‍ ദു:ഖിതയാണ്. ഒറ്റപ്പെടലിന്‍റെ രാത്രികാലങ്ങളില്‍ ഞാന്‍ എന്‍റെ ഗതകാലസ്മൃതികളോര്‍ത്ത് വിലപിക്കുന്നു. യൌവ്വനവും പ്രണയവും ഇന്നെനിക്ക് നിറമുള്ള ഓര്‍മ്മകള്‍ മാത്രമാണ് ‍. നേരം പുലരണം വല്ല്യേട്ടന്‍ തിരിച്ചെത്താന്‍. പിഴച്ചു പോയ എന്‍റെ ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠകൊണ്ടാകണം, ഏട്ടന്‍ ഇപ്പോള്‍ പണ്ടത്തെക്കാള്‍ ചൂടനായിരിക്കുന്നു.

ഒന്നോര്‍ത്താല്‍ വിരസമായ ചൂടന്‍ പകലുകളെക്കാള്‍ ഓര്‍മ്മയുടെ സുഗന്ധമുള്ള ഈ തണുത്ത രാത്രികളെയല്ലേ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്? പ്രാണനാഥന്‍റെ ആലിംഗനങ്ങളില്‍ ഞാന്‍ ആസ്വദിച്ച പ്രണയത്തിന്‍റെ സുഗന്ധം, ഈ ഓര്‍മ്മകള്‍ എനിക്ക് തിരിച്ചു നല്‍കുന്നു.

യൌവ്വനത്തിന്റെ ഓജസ്സും പ്രസരിപ്പും നിറഞ്ഞ ചെറുപ്പകാലത്താണ്‌ ഞാന്‍ അയാളെ ആദ്യമായി കാണുന്നത്. കറുത്തിരുണ്ട മുഖം, ഘനഗംഭീരമായ ശബ്ദം, എന്‍റെ ഉള്ളിലെ ചൂടണയ്ക്കുന്ന ആ വിരിമാറിലെ തണുപ്പ്. ആ മാറില്‍ തലചായ്ച്ചു കിടന്ന നിമിഷങ്ങള്‍ എന്നെ പ്രണയാര്‍ദ്രയാക്കി. അയാള്‍ നല്‍കിയ പ്രണയത്തിന്റെ നിറവില്‍ എന്‍റെ ഉള്ളില്‍ ജീവന്റെ പുതുനാമ്പുകള്‍ മൊട്ടിട്ടു.

വല്ല്യേട്ടനും അയാളും നല്ല സുഹൃത്തുക്കളായിരുന്നു. ഏട്ടന്‍ നീര് വറ്റിച്ചു അദ്ധ്വാനിച്ചതിന്റെ ഫലമായിരുന്നു എന്‍റെ പ്രാണപ്രിയന്റെ ഉയര്‍ച്ച. പകരം അയാളെന്നെയും എന്‍റെ മക്കളെയും പൊന്നുപോലെ നോക്കി. ഞങ്ങളുടെ ജീവിതത്തിലെ ജീവജലമായിരുന്നു അയാള്‍. കപ്പലില്‍ ലോകം ചുറ്റി പല പല നാടുകള്‍ കണ്ടു വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു. വന്നാല്‍ നാലഞ്ച് മാസം എന്റെയും കുട്ടികളുടെയും കൂടെ. അതായിരുന്നു പതിവ്.

പിന്നീടെപ്പോഴോ പതിവുകളൊക്കെ തെറ്റി തുടങ്ങി. വരവുകള്‍ക്കിടയിലുള്ള നീളം കൂടി. വന്നാല്‍ തന്നെ ഒന്നോ രണ്ടോ ആഴ്ച തങ്ങിയാലായി. എന്നോടുള്ള നീരസത്തിന്റെ കാരണം ഞാന്‍ ഒരിക്കലും തിരക്കിയില്ല. ജരാനരകള്‍ ബാധിച്ചു യൌവ്വനം നശിച്ചു തുടങ്ങിയ എന്നെ അയാള്‍ക്ക് മടുത്തു കാണണം. ആര്‍ത്തവം നിലച്ചു ഞാന്‍ പടുവൃദ്ധയായി മാറിയ ഒരുനാള്‍ അയാള്‍ എന്നോട് എന്നെന്നേക്കുമായി വിട പറഞ്ഞു പുതിയ വിളനിലങ്ങള്‍ തേടിപ്പോയി.

പിന്നീടുള്ള എന്‍റെ ജീവിതം വളരെ ദു:സ്സഹമായിരുന്നു. അബലയും വൃദ്ധയുമായ ഒരു സ്ത്രീക്ക് എന്ത് ചെയ്യാനാകും, പോരടിച്ചു മരിക്കുന്ന മക്കളെ നോക്കി വിലപിക്കാനല്ലാതെ? പരസ്പരം കൊന്നും തിന്നും നാഥനില്ലാത്ത എന്‍റെ കുടുംബം ചത്തൊടുങ്ങി. മരിച്ചു വീഴുന്ന എന്‍റെ മക്കളുടെയും ചെറുമക്കളുടെയും ശവശരീരങ്ങള്‍ ഞാന്‍ ദു:ഖത്തോടെ കടിച്ചിറക്കി. മരണം, അവിഭാജ്യമായ ആ സത്യത്തിലേക്ക് കണ്ണുംനട്ടു ഞാന്‍ യുഗങ്ങള്‍ കാത്തിരുന്നു.

വിധി ക്രൂരനായിരിക്കണം. മരണമെന്ന സൗകര്യം അദ്ദേഹമെനിക്ക് നിഷേധിച്ചിരിക്കുന്നു. വേദനയുടെയും സഹനത്തിന്റെയും യുഗങ്ങള്‍ കഴിഞ്ഞിതാ ഞാന്‍ വീണ്ടും ഋതുമതിയായിരിക്കുന്നു. പണ്ട് ചവച്ചിറക്കിയ ശവങ്ങളുടെ അവശിഷ്ടങ്ങള്‍ പിഴിഞ്ഞ്, കറുത്തു കൊഴുത്ത എന്‍റെ ചോരയൂറ്റുന്നു മനുഷ്യന്റെ ശാസ്ത്രം.

ഞാന്‍ ദു:ഖിതയാണ്. ഒറ്റപ്പെടലിന്റെ രാത്രികാലങ്ങള്‍ എന്നെ കണ്ണുനീരണിയിക്കുന്നു. മനുഷ്യന്റെ ശാസ്ത്രമേ നിനക്കെന്റെ നഷ്ടപ്രണയം തിരികെത്തരാന്‍ കഴിയുമോ? പറയൂ, ഞാന്‍ സ്നേഹിച്ച എന്‍റെ മഴമേഘങ്ങളെ എന്നിലേക്ക്‌ തിരികെ കൊണ്ടുവരാന്‍ നിനക്ക് ശക്തിയുണ്ടോ?

ആര്‍ത്തവം നിലച്ചു മണ്ണ് മണലാകുന്നു, ആ മണലില്‍ നിന്നും എണ്ണയൂറ്റുന്ന മനുഷ്യനു മരുഭൂമിയുടെ യൌവ്വനം തിരികെ നല്‍കുവാനാകുമോ? ചൂടനായ വെയിലിന്റെ അനുജത്തിക്ക് മഴയുടെ പ്രണയം തിരിച്ചുനല്‍കാന്‍ അവനു ശക്തിയുണ്ടോ?

No comments:

Post a Comment