Sunday, March 13, 2011

ബലൂണ്‍ സര്‍ക്കസ്

കഴിഞ്ഞാഴ്ച ഉത്രാളിക്കാവ് പൂരത്തിന് പോയപ്പോഴാണ് ഞാനാ കാഴ്ച കണ്ടത്. പറമ്പിന്‍റെ മൂലയില്‍ ബലൂണ്‍ സര്‍ക്കസ് നടക്കുന്നു. സംഭവമെന്താണെന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യമെന്ന് കരുതി തിരക്കിനിടയിലൂടെ ഉന്തിതള്ളി ഞാന്‍ ബലൂണിന്റെ അടുത്തെത്തി. അവിടെ കണ്ട കാഴ്ച കണ്ടിട്ട് എന്‍റെ കണ്ണ് തള്ളിപോയി. ഉള്ളത് പറയാമല്ലോ ഇത്രയും വലിയ ബലൂണ്‍ ഞാന്‍ ഡിസ്ക്കവറി ചാനലില്‍ പോലും കണ്ടിട്ടില്ല.

മാനംമുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ ഹൈഡ്രജന്‍ ബലൂണ്‍. അതിന്‍റെ താഴെ വലിയ കുട്ടയില്‍ നിറയെ മനുഷ്യര്‍ നിന്ന് ഹൈഡ്രജന്‍ നിറയ്ക്കുന്നു. അതും പോരാതെ ബലൂണില്‍ നിന്നു തൂങ്ങി കിടക്കുന്ന കുറെ കയറുകളില്‍ അള്ളിപ്പിടിച്ചു ഹൈഡ്രജന്‍ പമ്പ് ചെയ്യുന്ന വേറെ കുറെപ്പേര്‍. നേരെ താഴത്ത്, പിടിവിട്ടു ചാടുന്ന മനുഷ്യരെ രക്ഷിക്കാന്‍ പോലീസുകാരും ഫയര്‍ ഫോര്‍സും ഒരു വലിയ വലകെട്ടി കാവല്‍ നില്‍ക്കുന്നു. അടുത്ത് തന്നെ കുറെ ആംബുലന്‍സുകള്‍ നില്‍ക്കുന്നുണ്ട് വലയില്‍ നിന്നും മാറി നിലത്തു വീഴുന്നവരെ എടുത്തു ആശുപത്രിയിലേക്ക് ഓടാന്‍.

ബലൂണിനു ചേര്‍ന്ന് ഒരു വലിയ ഏണി പണിതിട്ടുണ്ട്, അതുവഴിയാണ് ആളുകളെ ബലൂണിലെ കുട്ടയിലെക്കും കയറിലെക്കും ഒക്കെ കയറ്റി വിടുന്നത്. ആ ഏണിക്ക് ചുവട്ടില്‍ സ്വര്‍ണ്ണമാലയും ഖടകവും ഒക്കെ അണിഞ്ഞു സില്‍ക്ക് ജുബ്ബയും ഇട്ടു കുറച്ചു പേര്‍ ഹൈഡ്രജന്‍ പമ്പുകള്‍ വില്‍ക്കുന്നു. പമ്പ് മേടിച്ചാലെ ഏണിയിലേക്ക് കടത്തി വിടു. അവിടെയും കുറച്ചു പോലീസുകാരുണ്ട് തിരക്ക് നിയന്ത്രിക്കാനും പമ്പ് പരിശോദിക്കാനും ഒക്കെ.

ഓരോ നിമിഷവും വീര്‍ത്തു വലുതായിക്കൊണ്ടിരിക്കുന്ന ആ ബലൂണിന്റെ മുകളില്‍ ടൈ കെട്ടി കുറെ വിദ്വാന്മാര്‍ പച്ചക്കൊടി കാണിക്കുന്നു. അവരുടെ കക്ഷത്തില്‍ ചുവപ്പ് കൊടികള്‍ ഇരിക്കുന്നുണ്ട്. ഇടയ്ക്കവര്‍ പച്ച മാറ്റി ചുവപ്പുകൊടി കാണിക്കുമ്പോള്‍ താഴെ ഉള്ള പോലീസുകാര്‍ ബലൂണ്‍ വലിച്ചു താഴ്ത്തും. ചുങ്ങി താഴുന്ന ബലൂണില്‍ നിന്നും കണ്ണുമടച്ചു കുറെ പേര്‍ താഴേക്ക്‌ ഒറ്റ ചാട്ടമാണ്. വലയില്‍ വീഴുന്നവര്‍ കുറെ പേര്‍ നെഞ്ഞത്തടിച്ചു വാവിട്ടു കരയുന്നു. താഴെ വീണവരെ പറക്കിയെടുത്തു ആംബുലന്‍സുകള്‍ ചീറി പായുന്നു.

കൊടി മാറി പച്ചയാകുമ്പോള്‍ ഏണി കേറാന്‍ വീണ്ടും ഒരു തള്ളാണ്, വാവിട്ടു കരഞ്ഞവരും കയ്യിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടവരും ഒക്കെ വീണ്ടും പമ്പും മേടിച്ചു വരിക്കു നില്‍ക്കുന്നു. ഒന്നും മനസ്സിലാകുന്നില്ല അല്ലേ? ആദ്യം ഈ നട്ടപ്രാന്തു കണ്ടിട്ട് എനിക്കും ഒന്നും മനസ്സിലായില്ല. അടുത്തുള്ള കടലവണ്ടിയില്‍ നിന്നും രണ്ടുറുപ്പികക്ക് കപ്പലണ്ടിയും വാങ്ങി ഞാന്‍ വായും പൊളിച്ചു സര്‍ക്കസ് കണ്ടു നിന്നു. ആരാന്‍റെ അമ്മക്ക് പ്രാന്ത് പിടിച്ചാല്‍ നമുക്ക് കാണാന്‍ നല്ല ശേലാണല്ലോ. പതുക്കെ തക്കം നോക്കി ഒരു സില്‍ക്ക് ജുബ്ബക്കാരനോട് ചെന്ന് കാര്യമെന്താണെന്നു തിരക്കി. അപ്പോഴാണ് സംഭവം പിടികിട്ടിയത്.

ഓഹരി വിപണി എന്നാണത്രേ ഈ സര്‍ക്കസ്സിന്റെ പേര്. ജുബ്ബയിട്ട പുള്ളി ബ്രോക്കെറാണ്, കൊടി പിടിക്കുന്നവര്‍ സാമ്പത്തിക്കശാസ്ത്രത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ ഉള്ള വിദഗ്ദന്മാര്‍. പോലീസുക്കാരും മറ്റുമൊക്കെ യഥാര്‍ത്ഥത്തില്‍ സെബി എന്ന് പേരുള്ള ഏതോ ഒരു ഗവര്‍മെണ്ട്‌ സ്ഥാപനത്തിലെ ജീവനക്കാരാണ് പോലും. കലികാലം എന്നല്ലാണ്ടെ എന്താപ്പോ ഇതിനൊക്കെ പറയുക. അല്ല ഒരു കണക്കിന് കാശിനുവേണ്ടി കൊല്ലും കൊലയും ഒക്കെ നടക്കുന്ന ഈ കാലത്ത് മനുഷ്യന്‍ ഇതും ഇതിലപ്പുറവും കാട്ടീല്ലാച്ചാലെ അത്ഭുതപ്പെടെണ്ടു.

ദീപാരാധന തൊഴാന്‍ നടയ്ക്കലേക്ക് നടക്കുമ്പോഴാണ് വെടിക്കെട്ട്‌ തുടങ്ങിയത്. അതും നോക്കി നില്‍ക്കുമ്പോള്‍ അതാ ഒരു കുഴിമിന്നി ചെരിഞ്ഞു ബലൂണിന്റെ അടുത്തെക്ക് പോണൂ. ശൂ ...... ട്ടോ!! വലിയ ഒരു പൊട്ടിത്തെറി, ആകെ ബഹളം റിസഷന്‍, റിസഷന്‍ ഇടഞ്ഞേന്നു പറഞ്ഞു കുറെ പേര്‍ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. എന്തായാലും ആശുപത്രിക്കാര്‍ക്കും ആംബുലന്‍സുകാര്‍ക്കും നല്ല കോളായി.

No comments:

Post a Comment