Tuesday, June 7, 2016

ഹൃദയം

പതിനാറു വർഷങ്ങൾക്കുമുൻപ് ഒരു ജൂൺ മാസം. മൺസൂൺമേഘങ്ങൾ അറബിക്കടലും കടന്ന് സഹ്യപർവ്വതത്തെ പുൽകാൻ പറന്നടുത്ത ഒരു പ്രഭാതം.
ചാറ്റൽമഴയുടെ തണുപ്പും, പുതുമഴ മണ്ണിനെ തഴുകിയ സുഗന്ധവും ആസ്വദിച്ചു പുതപ്പിനുള്ളിൽ ചുരുണ്ട്കൂടി ഉറങ്ങിയിരുന്ന അവനെ ആ കനമുള്ള കൈകൾ തൊട്ടുണർത്തി.

"ഉണ്ണി എഴുന്നേൽക്ക്, അച്ഛനൊരു അസ്വസ്ഥത, ശ്വാസം മുട്ടുന്നത് പൊലെ. വാ നമുക്കൊന്ന് ഡോക്ടറെ കണ്ടിട്ട് വരാം"

അച്ഛന്റെ വാക്കുകൾ കേട്ട് ഞെട്ടി ഉണർന്ന അവന്റെ ഹൃദയം ഒന്ന് അസ്വസ്ഥമായി. അദൃശ്യനായ വിധിയുടെ കാർമേഘങ്ങൾ ഉദിച്ചുയരുന്ന സൂര്യനെ മറയ്ക്കുന്ന പോലെ! കാലത്തിന്റെ സ്വാഭാവികമായ അനിശ്ചിതത്വം അവനിൽ ഒരു പരിഭ്രാന്തി ഉളവാക്കി.

അച്ഛന്റെ കൈ പിടിച്ചു നടക്കുമ്പോൾ, ആ കൈകളിൽ നിന്നും ഊർന്നിറങ്ങിയ ഗാഢമായ ഒരു തണുപ്പ് അവന്റെ ഹൃദയത്തെ കൂടുതൽ അസ്വസ്ഥമാക്കി.

"ഉണ്ണീ നീ ആ ബെൽ ഒന്നടിക്കു, ഡോക്ടറെ വേഗം വിളിക്ക് എനിക്ക് എന്തോ ഒരു വല്ലായ്മ"

ശബ്ദതരംഗങ്ങൾ കാതുകളിൽ നിന്നും തലച്ചോറിൽ എത്തി അവന്റെ ബോധമണ്ഡലത്തെ സ്പർശിക്കുന്നതിനും മുൻപ്, ആ കനമുള്ള കൈകൾ അവന്റെ തോളിൽ അമർന്നു. നീണ്ട പതിനാലു വര്ഷം ഊണിലും ഉറക്കത്തിലും അവനെ എടുത്തു നടന്ന ശരീരം അന്ന് ആദ്യമായി അവന്റെ കൈകളിലേക്ക് ചാഞ്ഞു.

തന്റെ ഭൂതകാലത്തെയും ഭാവികാലത്തെയും ചുമന്നിരുന്ന ശരീരത്തിന്റെ ഭാരം താങ്ങാൻ അവന്റെ കൈകാലുകൾക്കു കരുത്ത് പോരായിരുന്നു. നിയോഗം തീർന്നു മടങ്ങുന്ന ആത്മാവിനെ തടഞ്ഞുനിർത്താൻ അവന്റെ ഉള്ളിലെ ദൈവങ്ങൾക്കും കഴിഞ്ഞില്ല.

വിഫലമായ മർദ്ദനങ്ങൾക്കു നിശ്ചലമായ ആ ഹൃദയത്തെ ഉണർത്താൻ കഴിയില്ല എന്ന് കണ്ടു പകച്ചു പോയ ഡോക്ടർ പതറിയ ശബ്ദത്തിൽ അവനോടു പറഞ്ഞു

"അച്ഛന്റെ ഹൃദയം നിലച്ചിരിക്കുന്നു".

അതെ ഹൃദയം നിലച്ചിരിക്കുന്നു. ആംബുലൻസിന്റെ സൈറണും, അലമുറയിട്ടു കരയുന്ന അമ്മയുടെ നിശ്വാസത്തിനും നിസ്സംഗമായ, നിർവികാരമായ ആ ഹൃദയത്തെ ഉണർത്താൻ കഴിഞ്ഞില്ല.

അപ്രതീക്ഷിതമായി തന്റെ ചുമലിലേക്ക് ഉറങ്ങി അമർന്ന അച്ഛന്റെ ശരീരത്തിന്റെ ഭാരത്തിൽ വികാരങ്ങൾ വിചാരങ്ങൾക്ക് വഴിമാറിയപ്പോൾ, നിശ്ചലമായ ഹൃദയത്തിന്റെ തുടിപ്പുകൾ കേൾക്കാൻ അവന്റെ കാതുകൾക്കു ആകുമായിരുന്നില്ല.

വീണ്ടും ഒരു ജൂൺ മാസം. സഹ്യനെ തഴുകാൻ അല്പം മടിച്ചിട്ടാണെങ്കിലും ഇത്തവണയും മൺസൂൺ മേഘങ്ങൾ വന്നെത്തിയിരിക്കുന്നു.

"പപ്പാ, പപ്പാ, മഴ"

തന്റെ മാറിൽ തലചായ്ച്ചു ഉറങ്ങിയിരുന്ന മകൾ ഉണർന്നു കോൺക്രീറ്റ് നിലത്തെ ലക്ഷ്യമാക്കി കുതിക്കുന്ന മഴത്തുള്ളികളെ നോക്കി അവനോടു പറഞ്ഞു.
അലൂമിനിയം പാളികളിൽ ശക്തമായി പതിക്കുന്ന പെരുമഴയുടെ ശബ്ദത്തിലും ഹൃദയ തുടിപ്പുകൾ അവന് വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

"അച്ഛന്റെ ഹൃദയം വീണ്ടും ഉണർന്നിരിക്കുന്നു."

അവൻ അവനോടു തന്നെ പറഞ്ഞു.

വർഷങ്ങൾക്കു ശേഷം ആദ്യമായി നിറഞ്ഞ കണ്ണുകളിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ കുഞ്ഞു കൈവിരലുകളിൽ പതിച്ചു.

"പപ്പാ മഴവെള്ളം."

നിഷ്കളങ്കമായ പുഞ്ചിരിയോടെ അവൾ പറഞ്ഞു.

No comments:

Post a Comment